ad
Deshabhimani

തെറ്റുതിരുത്താത്തവർക്ക്‌ പാർടിയിൽ 
സ്ഥാനമില്ല: എ വിജയരാഘവൻ

സിപിഐ എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

സിപിഐ എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 12, 2026, 01:41 AM | 2 min read

മണ്ണാർക്കാട്‌

പലതവണ അവസരം നൽകിയിട്ടും തെറ്റ്‌ തിരുത്താൻ തയ്യാറാകാത്തവർക്ക്‌ പാർടിയിൽ സ്ഥാനമുണ്ടാവില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം മണ്ണാർക്കാട്‌ ഏരിയ കമ്മിറ്റി നടത്തിയ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. തെറ്റിന്‌ സാധ്യതയുള്ള സമൂഹത്തിൽ ജീവിക്കുമ്പോഴുള്ള തകരാറുകൾ പാർടി അംഗങ്ങൾക്കും സ്വാഭാവികമായും സംഭവിക്കാം. അത്തരം തെറ്റുകൾ തിരുത്തിച്ച്‌ പാർടിക്ക്‌ മുതൽക്കൂട്ടാക്കാനാണ്‌ ശ്രമിക്കുക. ആരെയും പുറത്താക്കൽ പാർടി രീതിയല്ല. അവസരം നൽകിയിട്ടും തെറ്റുതിരുത്താത്തവർക്കുള്ള സ്ഥാനം കമ്യൂണിസ്റ്റ്‌ പാർടിയിലല്ല. അവർ സ്വാഭാവികമായും എത്തിച്ചേരുക വർഗശത്രുവിന്റെ പാളയത്തിലാണ്‌. അവസാന നിമിഷംവരെ ഇ‍ൗ പാർടിയെ ഉ‍ൗറ്റിക്കുടിച്ചാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ ചിലർ തള്ളിപ്പറഞ്ഞത്‌. ഒരുപാട്‌ പേർ ത്യാഗം ചെയ്‌താണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി വളർത്തിയത്‌. അവർക്കൊന്നും ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അനേകായിരം പേരുടെ ത്യാഗനിർഭര പ്രവർത്തനത്തിന്റെ ഫലമാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ. ആ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക്‌ മുന്നിൽ അന്തംവിട്ട്‌ നിൽക്കുകയാണ്‌ പ്രതിപക്ഷവും ബിജെപിയും. കാസർകോട്‌–തിരുവനന്തപുരം ദേശീയപാത യാഥാർഥ്യമായി. അത്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്‌. ലൈഫ്‌ പദ്ധതി പ്രകാരം അഞ്ചുലക്ഷം പേർക്കാണ്‌ വീട്‌ നിർമിച്ച്‌ നൽകിയത്‌. കേരളം ഇന്ത്യക്ക്‌ പ്രതീക്ഷയാണ്‌. കേരളത്തിലെ മാറ്റം മറ്റ്‌ സംസ്ഥാനങ്ങളിലും ഉണ്ടാകുമോ എന്ന ഭയമാണ്‌ ഇന്ത്യ ഭരിക്കുന്നവർക്കുള്ളത്‌. ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാൻ എല്ലാ പ്രതിലോമ ശക്തികളും വലതുപക്ഷ ശക്തികളും വലതുപക്ഷ സ്വാധീനമുള്ള മാധ്യമങ്ങളും ഒന്നിച്ചിരിക്കുകയാണ്‌. നുണ പ്രചരിപ്പിക്കുകയാണ്‌ മാധ്യമങ്ങൾ. വി ഡി സതീശന്റെ പുതുയുഗ യാത്രയിൽ മുഴുവൻ നുണയാണ്‌ പറഞ്ഞതെന്നും വിജയരാഘവൻ പറഞ്ഞു. മണ്ണാർക്കാട്‌ കുടു ഗ്ര‍ൗണ്ടിൽ ബുധൻ വൈകിട്ട്‌ നടന്ന പൊതുയോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം യു ടി രാമകൃഷ്‌ണൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം കെ എസ്‌ സലീഖ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ പ്രേംകുമാർ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സി റിയാസുദ്ദീന്‍, പി എം ആർഷോ, ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, കെ കെ രാജൻ, എം വിനോദ്കുമാർ, പി അലവി, കെ മൻസൂർ, ഐലക്കര മുഹമ്മദാലി, മണികണ്ഠൻ നാവായത്ത്, നിസാർ മുഹമ്മദ്, എം മനോജ് എന്നിവർ സംസാരിച്ചു.


മണ്ണാർക്കാട് സധൈര്യം പ്രവർത്തിക്കാം: കെ എസ് സലീഖ

മണ്ണാർക്കാട്

മണ്ണാർക്കാട്‌ മേഖലയിൽ സിപിഐ എം നയം നടപ്പാക്കുന്നതിനായി സധൈര്യം പ്രവർത്തിക്കാമെന്ന്‌ കേന്ദ്ര കമ്മിറ്റിയംഗം കെ എസ്‌ സലീഖ പറഞ്ഞു. സിപിഐ എം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കമ്യൂണിസ്റ്റ് പാർടിയുടെ നയങ്ങളും കാഴ്ചപ്പാടുകളും മുറുകെ പിടിച്ചുകൊണ്ട് മണ്ണാർക്കാട് രാഷ്ട്രീയ പ്രവർത്തനം നടത്താം. ഇതിനായി ആരെയും ഭയക്കേണ്ടതില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വലിയ മുന്നേറ്റം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനാകണം. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മൂന്നാം എൽഡിഎഫ്‌ സർക്കാരിനായുള്ള പ്രവർത്തനങ്ങൾക്ക്‌ എല്ലാവരും സജ്ജരാകണമെന്നും സലീഖ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home