സ്കൂൾ മാർക്കറ്റിൽ തരംഗം തീർക്കാൻ കൺസ്യൂമർഫെഡ്
താരമായി പരിസ്ഥിതി സൗഹൃദ നോട്ട്‌ബുക്ക്

കോട്ടമൈതാനത്തെ ത്രിവേണി സൂപ്പർമാർക്കറ്റിനുമുന്നിൽ ആരംഭിച്ച ജില്ലാ സ്കൂൾ മാർക്കറ്റ് കൺസ്യൂമർഫെഡ് ഡയറക്ടർ എ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു. റീജണൽ മാനേജർ വി ശുഭ സമീപം
നിധിൻ ഇൗപ്പൻ
Published on May 12, 2026, 12:00 AM | 1 min read
പാലക്കാട്
ത്രിവേണി മാർക്കറ്റിലെ താരമായി പരിസ്ഥിതി സൗഹൃദ (ഇക്കോ ഫ്രണ്ട്-ലി) നോട്ടുബുക്കുകൾ. മരങ്ങൾ ഉപയോഗിക്കാതെ, ജലോപയോഗം 50 ശതമാനവും കാർബൺ പുറന്തള്ളൽ 77 ശതമാനവും കുറച്ചുള്ള പൂർണമായി റീസൈക്കിൾ ചെയ്തു തയ്യാറാക്കിയ നോട്ട്ബുക്കുകളാണ് ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർഫെഡ് പുറത്തിറക്കിയത്. 160 പേജുകളിൽ വരയുള്ളതും ഇല്ലാത്തതുമായ സ്കൂൾ, കോളേജ് നോട്ട്ബുക്കുകൾ 20 രൂപ മുതൽ ലഭ്യമാണ്. കണ്ണിന് ആയാസം കുറയ്ക്കുന്ന, എഴുത്തിൽ വ്യക്തതയും ഉപയോഗക്ഷമതയും ഉറപ്പാക്കുന്ന ഇത്തരം നോട്ട്ബുക്കുകൾ സംസ്ഥാനത്ത് ആദ്യമായാണ് തയ്യാറാക്കിയത്. മാലിന്യം റീസൈക്കിൾ ചെയ്ത് ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇത്തരം പുസ്തകങ്ങൾക്ക് വലിയ സാധ്യതയാണുള്ളത്. ത്രിവേണി മാർക്കറ്റുകളിലും സ്കൂൾ മാർക്കറ്റുകളിലുമാണ് ഇക്കോ സൗഹൃദ ത്രിവേണി നോട്ട്ബുക്കുകൾ ലഭിക്കുക. സ്‌കൂൾ വിപണി തുടങ്ങി ബുക്ക്, ബാഗ്, ഷൂ, യൂണിഫോം എന്നിവ വാങ്ങുന്നതിനുള്ള തിരക്കാണ് എല്ലായിടത്തും. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം വിപണിയിൽ സകല സാധനങ്ങൾക്കുമുണ്ടായ വിലക്കയറ്റം സ്കൂൾ വിപണിയെയും സാരമായി ബാധിച്ചു. വിലക്കയറ്റത്തിൽ വലയുന്നവർക്ക് വലിയ ആശ്വാസമാകുകയാണ് ജില്ലയിൽ ആരംഭിച്ച കൺസ്യൂമർഫെഡ് സ്കൂൾ മാർക്കറ്റ്. തിങ്കളാഴ്ച പാലക്കാട് കോട്ടമൈതാനത്തുള്ള ത്രിവേണി സൂപ്പർമാർക്കറ്റിന്റെ മുൻവശത്തായി ജില്ലാതല സ്കൂൾ മാർക്കറ്റ് കൺസ്യൂമർഫെഡ് ഡയറക്ടർ എ അബൂബക്കർ ഉദ്ഘാടനം ചെയ്തു. റീജണൽ മാനേജർ വി ശുഭ, അഡ്മിനിസ്ട്രേഷൻ മാനേജർ ഷിബു, ബിജുമോൻ, ജീന, വത്സല, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. റെജീന ആദ്യവിൽപ്പന ഏറ്റുവാങ്ങി.










0 comments