നിർമാണസാമഗ്രികൾക്ക് ‘നല്ല’ വില

പാലക്കാട് നഗരത്തിൽ കെട്ടിടനിർമാണം നടത്തുന്ന തൊഴിലാളികൾ

സ്വന്തം ലേഖകൻ
Published on Jul 29, 2026, 12:52 AM | 1 min read
പാലക്കാട്
നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ ജില്ലയിൽ നിർമാണമേഖല സ്തംഭനത്തിലേക്ക്. സിമന്റ്, കമ്പി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയരുന്നത് കരാറുകാരെ പ്രതിസന്ധിയിലാക്കി. നഷ്ടം ഭയന്ന് പലരും മേഖലയിൽനിന്നുതന്നെ പിന്മാറുന്ന സാഹചര്യമാണുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ വിവിധ ബ്രാൻഡഡ് സിമന്റുകൾക്ക് അഞ്ചുമുതൽ 10 രൂപവരെയാണ് വർധിച്ചത്. മലബാർ സിമന്റിന് മൊത്തവ്യാപാര നിരക്ക് ഇപ്പോൾ ചാക്കിന് 300 രൂപയാണ്. ഇത് ചില്ലറ വിപണിയിലെത്തുമ്പോൾ 340 രൂപയോളമാകും. കഴിഞ്ഞ ദിവസമാണ് അഞ്ചുരൂപ കൂട്ടിയത്. മറ്റു സ്വകാര്യ ബ്രാൻഡുകൾ കഴിഞ്ഞയാഴ്ച ചാക്കിന് 10 രൂപവീതം കൂട്ടിയിരുന്നു. വിവിധ ബ്രാൻഡുകൾക്ക് നിലവിൽ 330, 350, 360 എന്നിങ്ങനെയാണ് വിപണിവില. ടിഎംടി കമ്പികൾക്കും വലിയ തോതിൽ വിലകൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചവരെ കിലോയ്ക്ക് 68 രൂപയുണ്ടായിരുന്ന കമ്പികൾക്ക് ഇപ്പോൾ 70 രൂപയായി. ബ്രാൻഡഡ് അല്ലാത്തവ 63-ൽനിന്ന് 65 രൂപയായി. പുതിയ സർക്കാർ തമിഴ്നാട്ടിൽനിന്നുള്ള മെറ്റൽ ഉൽപ്പന്നങ്ങളുടെ വരവ് നിയന്ത്രിച്ചതോടെ എം സാൻഡ് ഉൾപ്പെടെയുള്ളവയ്ക്കും വില കുതിച്ചു. 5,000 രൂപയായിരുന്ന എം സാൻഡിന് 5,300 മുതൽ 5,500 രൂപവരെയാണ് ഈടാക്കുന്നത്. ബോൾഡറിന്റെ വില 4,000-ൽനിന്ന് 4,500 രൂപയായും, മെറ്റലിന് 4,700-ൽനിന്ന് 5,200 രൂപവരെയായും ഉയർന്നു. സിമന്റ് കട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. 36 രൂപയുണ്ടായിരുന്നത് 40 ആയി. ചെങ്കല്ലിന് ഒമ്പത് രൂപയാണ് വിലയെങ്കിലും ഉൽപ്പാദനം കുറഞ്ഞതിനാൽ വിപണിയിൽ വലിയ ക്ഷാമമാണ് നേരിടുന്നത്. സാധനവില ഉയർന്നതോടെ മിക്കയിടങ്ങളിലും നിർമാണ പ്രവൃത്തികൾ മന്ദഗതിയിലായിട്ടുണ്ട്. നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തുടർന്നാൽ മേഖല വലിയ പ്രതിസന്ധി നേരിടും.









0 comments