ad
Deshabhimani

പാലക്കാടൻ 
പുസ്‌തകക്കാഴ്‌ച

പുതുപ്പരിയാരം മധുരം ഗായതി ലൈബ്രറിയിലൊരുക്കിയ  പുസ്‌തക പ്രദർശനത്തിൽ വായിക്കുന്ന വിദ്യാർഥി

പുതുപ്പരിയാരം മധുരം ഗായതി ലൈബ്രറിയിലൊരുക്കിയ പുസ്‌തക പ്രദർശനത്തിൽ വായിക്കുന്ന വിദ്യാർഥി

വെബ് ഡെസ്ക്

Published on Apr 24, 2026, 12:34 AM | 1 min read

പാലക്കാട്‌

പുസ്‌തക ദിനത്തിൽ പാലക്കാടൻ ചൂരുള്ള പുസ്‌തകങ്ങൾ നിറഞ്ഞ്‌ "മധുരം ഗായതി'. ജില്ലാ പബ്ലിക് ലൈബ്രറി അംഗമായ രാജേഷ് മേനോന്റെ പുതുപ്പരിയാരത്തെ വീട്ടിലെ ലൈബ്രറിയിൽ പുസ്‌തകമേളം കാണാൻ നീണ്ടനിര. ജില്ലയുടെ സാഹിത്യ പൈതൃകത്തെ പരിചയപ്പെടുത്തുന്ന 2,000 പുസ്തകങ്ങളാണ് പ്രദർശനത്തിനുള്ളത്‌. ഒ വി വിജയൻ, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ കൃതികളോടൊപ്പം ജില്ലയിലെ യുവ എഴുത്തുകാരുടെ രചനകളുമുണ്ട്‌. കൂട്ടത്തിൽ ജില്ലയെക്കുറിച്ചെഴുതിയ മറ്റ്‌ ജില്ലക്കാരുടെ രചനകളും പ്രത്യേകതയാണ്‌. ഓരോ പ്രദേശത്തിന്റെയും സാഹിത്യ സംഭാവനകൾ പ്രത്യേകം പ്രദർശിപ്പിക്കുന്നതിലൂടെ പ്രാദേശിക എഴുത്തുകാരെ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നു. എഴുത്തുകാരെ കണ്ടെത്താനും അന്തരിച്ചവരെ അനുസ്മരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു. ലൈബ്രറിയിൽ അംഗത്വം ഇല്ലാത്തവർക്കും പുസ്തകങ്ങൾ വായിക്കാം. സന്ദർശകർക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവസരമുണ്ട്‌. നാല്‌ വർഷമായി പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്‌. ജില്ലയുമായി ബന്ധപ്പെട്ട സാഹിത്യ രചനകളെ ഒരുമിച്ചുകൂട്ടുകയാണ് ലക്ഷ്യം. ജില്ലയുടെ സാഹിത്യ സംസ്‌കാരത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ പരിപാടി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും സംഘടകനായ രാജേഷ്‌ മേനോൻ പറയുന്നു. വിദ്യാർഥികൾക്കും ഗവേഷകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്‌ ലൈബ്രറി. മാസന്തോറും ഇവിടെ പുസ്‌തക ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാറുണ്ട്‌. ഓരോ മാസവും നറുക്കെടുപ്പിലൂടെ പുസ്തകം സമ്മാനിക്കുന്ന പദ്ധതിയും ശ്രദ്ധേയം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home