Deshabhimani

ഭജന ആഘോഷത്തിനിടെ ബിജെപി ആക്രമണം

ഗർഭിണിയെ വയറ്റിൽ ചവിട്ടി വീഴ്ത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2026, 02:00 AM | 1 min read

ആലത്തൂർ

തരൂർ വടക്കേപാവടി ശ്രീനാരായണ മൂർത്തി ക്ഷേത്രത്തിലെ ഭജന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ തരൂർ വടക്കേപാവടി മണികണ്ഠൻ (62), ഭാര്യ സുനിത (55), മക്കളായ നന്ദന (24), മിഥുൻ (29) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ​ഞായർ രാത്രി 7.30നായിരുന്നു സംഭവം. ഭജന കാണാനെത്തിയ മിഥുനെയും സുഹൃത്തുക്കളെയും ബിജെപി തരൂർ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ​സന്തോഷ്, ഗോകുൽ കൃഷ്ണ, ഗോകുൽ, അനന്തകൃഷ്ണൻ, കാർത്തിക്, ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന മിഥുന്റെ അച്ഛൻ മണികണ്ഠൻ, അമ്മ സുനിത, ഗർഭിണിയായ സഹോദരി നന്ദന എന്നിവർക്കും മർദനമേറ്റു. ​ആക്രമണത്തിനിടയിൽ നന്ദനയുടെ വയറ്റിലേക്ക് ചവിട്ടി താഴെയിടുകയും നിലത്തിട്ട് വലിച്ചിഴയ്‌ക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. ആക്രമണത്തെ തുടർന്ന് രക്തസ്രാവമുണ്ടായ നന്ദനയെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളെല്ലിന് പരിക്കേറ്റ മിഥുൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മണികണ്ഠനും സുനിതയ്ക്കും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉത്സവത്തിനിടെ ബിജെപി ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും നാടിനെ കലുഷിതമാക്കാനുള്ള ബിജെപി ശ്രമം ജനം തിരിച്ചറിയുമെന്നും സിപിഐ എം ലോക്കൽ സെക്രട്ടറി എം മിഥുൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home