തെരഞ്ഞെടുപ്പ്: സ്-ക്വാഡുകളായി

പാലക്കാട്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാനും ചെലവുകള്‍ നിരീക്ഷിക്കാനും ജില്ലയില്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ (എഡിഎസ്) രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എം എസ് മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാതലത്തിലും സ്‌ക്വാഡുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ എന്നിവരുടെ കീഴിലും അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമാകും പ്രവര്‍ത്തനം. ജില്ലാ സ്‌ക്വാഡില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നായി നാല് ഉദ്യോഗസ്ഥരെയും മണ്ഡല സ്‌ക്വാഡുകളില്‍ മൂന്ന് ഉദ്യോഗസ്ഥരെ വീതവും നിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ദിവസംമുതല്‍ സ്‌ക്വാഡുകള്‍ സജീവമാകും. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, എല്‍ഇഡി പ്രചാരണങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുകയാണ് പ്രധാന ചുമതല. കേന്ദ്ര-–സംസ്ഥാന സര്‍ക്കാരുകളുടെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ജനപ്രതിനിധികളുടെയോ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രചാരണ സാമഗ്രികള്‍ മാറ്റാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ആദ്യം നിര്‍ദേശം നല്‍കും.
ചെക്ക്‌പോസ്‌റ്റുകളിൽ കർശന പരിശോധന
പാലക്കാട്
അതിര്‍ത്തികളിലും ചെക്ക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാന്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകളും തയ്യാർ. പണം, മദ്യം, പാരിതോഷികങ്ങള്‍ എന്നിവയുടെ അനധികൃത കടത്ത് തടയുന്നതിനാണ് 45 സ്‌ക്വാഡുകളെ നിയോഗിച്ചത്. എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് പദവി നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. വനംവകുപ്പ്, തദ്ദേശ ഭരണം, സഹകരണം, ജിഎസ്ടി, പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. വാളയാര്‍, ഗോപാലപുരം, വേലന്താവളം, പിച്ചന്നൂര്‍, നടുപ്പുണി, എല്ലപ്പട്ടന്‍ കോവില്‍, മീനാക്ഷിപുരം, നെല്ലിമേട്, ഒഴലപ്പതി, ഗോവിന്ദാപുരം, ചെമ്മണാംപതി, നീലിപ്പാറ, ആനക്കട്ടി, മറ്റത്തുകാട്, മുള്ളി എന്നിവിടങ്ങളിൽ ചെക്ക്‌പോസ്‌റ്റുകൾ സ്ഥാപിക്കും. മതിയായ രേഖകളില്ലാതെ പണമോ മറ്റ് സാധനങ്ങളോ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുക്കും. തെരഞ്ഞെടുപ്പ് കാലയളവില്‍ വോട്ടര്‍മാരെയോ മറ്റ് വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത് തടയാനും നിർദേശമുണ്ട്.
എല്ലാം പകർത്തും
പാലക്കാട്
മാതൃകാ പെരുമാറ്റച്ചട്ട ലംഘനവും തെരഞ്ഞെടുപ്പ് ചെലവും കണ്ടെത്താന്‍ ജില്ലയില്‍ വീഡിയോ സര്‍വയലന്‍സ് ടീമുകളും. രാഷ്ട്രീയ പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും പൊതുയോഗങ്ങള്‍, ജാഥകള്‍, മറ്റ് പ്രചാരണ പരിപാടികള്‍ എന്നിവ വീഡിയോ എടുക്കും. 10 നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ സ്‌ക്വാഡ് വീതവും ചെലവ് സെന്‍സിറ്റീവ് മണ്ഡലങ്ങളായി കണ്ടെത്തിയ മണ്ണാര്‍ക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ രണ്ടു സ്‌ക്വാഡ് വീതവുമുണ്ടാകും. ജില്ലാസ്‌ക്വാഡും ഉണ്ടാകും. പ്രചാരണ പരിപാടികളിലെ ദൃശ്യങ്ങള്‍ ശേഖരിക്കും. ഇവ പിന്നീട് അക്കൗണ്ടിങ് ടീമുകള്‍ക്ക് കൈമാറി സ്ഥാനാര്‍ഥികളുടെ യഥാര്‍ഥ ചെലവ് കണക്കാക്കും.










0 comments