എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
തുടരാൻ, മുന്നേറാൻ

പാലക്കാട്
വികസനത്തുടർച്ചയ്ക്കുള്ള പോരാട്ടത്തിന് ഓരോ നിമിഷവും കരുത്താക്കി ജില്ലയിലെ മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളും ശനിയാഴ്‌ച അതത് വരണാധികാരികൾക്കുമുന്നിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. തൃത്താല മണ്ഡലം സ്ഥാനാർഥി മന്ത്രി എം ബി രാജേഷ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പട്ടാമ്പി തഹസിൽദാരുമായ ടി സുജിത്തിനാണ് പത്രിക സമർപ്പിച്ചത്. കോങ്ങാട് സ്ഥാനാർഥി കെ ശാന്തകുമാരി ജില്ലാ ലേബർ ഓഫീസർ എം എം ജോബിന് പത്രിക കൈമാറി. പറളി പഞ്ചായത്ത് റിട്ട. ഓവർസിയർ പി കൃഷ്ണൻകുട്ടി കെട്ടിവയ്‌ക്കാൻ തുക നൽകി. ഷൊർണൂർ മണ്ഡലം സ്ഥാനാർഥി പി മമ്മിക്കുട്ടി ഒറ്റപ്പാലം തഹസിൽദാർ ഓഫീസിലെത്തി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ പി പി സീനക്കുമുമ്പാകെ പത്രിക സമർപ്പിച്ചു. കെഎസ്‌കെടിയു ഏരിയ കമ്മിറ്റിയാണ് കെട്ടിവയ്‌ക്കാൻ തുക നൽകിയത്. മലമ്പുഴ മണ്ഡലം സ്ഥാനാർഥി എ പ്രഭാകരൻ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രാജി വർഗീസ് മുമ്പാകെ നാലുസെറ്റ് പത്രിക നൽകി. പാലക്കാട് ന്യൂസ് പേപ്പർ ഏജന്റ്‌സ് അസോസിയേഷൻ (സിഐടിയു) കെട്ടിവയ്‌ക്കാനുള്ള തുക കൈമാറി. ഒറ്റപ്പാലം മണ്ഡലം സ്ഥാനാർഥി കെ പ്രേംകുമാർ ഒറ്റപ്പാലം സബ്കലക്ടർ ഓഫീസിലെത്തി സബ് കലക്ടർ അൻജിത് സിങ് മുമ്പാകെയാണ് പത്രിക നൽകിയത്. ആലത്തൂർ സ്ഥാനാർഥി ടി എം ശശി ഡെപ്യൂട്ടി കലക്ടർ കെ എ ജോസഫ് സ്റ്റീഫൻ റോബിക്ക് പത്രിക സമർപ്പിച്ചു. നെന്മാറ സ്ഥാനാർഥി കെ പ്രേമൻ ജില്ലാ സപ്ലൈ ഓഫീസർ കെ കെ മനോജ് കുമാറിന് മുമ്പാകെ മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചു. തരൂർ സ്ഥാനാർഥി പി പി സുമോദ് ഡെപ്യൂട്ടി കലക്ടർ പ്രേംലാലിന് പത്രിക കൈമാറി. പട്ടാമ്പിയിൽ മുഹമ്മദ് മുഹസിൻ താലൂക്ക് ആസ്ഥാനത്ത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ തഹസിൽദാർ (ഭൂരേഖ) ഒ ബി ഹേമയുടെ മുമ്പാകെ മുന്നു സെറ്റ് പത്രികകൾ സമർപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് കെട്ടിവയ്‌ക്കാനുള്ള തുക കൈമാറിയത്. ചിറ്റൂർ സ്ഥാനാർഥി വി മുരുകദാസ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് സജിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. കർഷക ജനതാ ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്. പാലക്കാട് മണ്ഡലം സ്ഥാനാർഥി എൻ എം ആർ റസാഖ് ആർഡിഒ എ അൻവർ സാദാത്തിന് പത്രിക സമർപ്പിച്ചു. മണ്ണാര്‍ക്കാട് മണ്ഡലം സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കര്‍ ഉപവരണാധികാരി തഹസില്‍ദാര്‍ എ വേണുഗോപാലിനാണ് പത്രിക നൽകിയത്.










0 comments