ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങൾ ഇനി പാലക്കാടും


സ്വന്തം ലേഖകൻ
Published on Feb 24, 2026, 02:00 AM | 1 min read
പാലക്കാട്
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകൾ ചൊവ്വാഴ്‌ച പാലക്കാട് വി ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിന്റെ ചുവരുകളിലെത്തും. കേരള ലളിതകലാ അക്കാദമിയാണ് ആർട്ട് ഗ്യാലറിയിൽ ചിത്രങ്ങൾ സ്ഥിരമായി പ്രദർശിപ്പിക്കുക. രണ്ട് മാസം മുമ്പാണ് സാംസ്കാരിക വകുപ്പിന് കൈമാറാൻ തീരുമാനമായത്. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് സൂക്ഷിച്ചിരിക്കുന്ന യഥാർഥ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. സ്വതന്ത്രമായതും സാഹിത്യകൃതികൾക്കായി വരച്ചതുമായ ഇല്ലസ്‌ട്രേഷൻ ചിത്രങ്ങളാണ് ഗ്യാലറിയിലെത്തുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിനുസമീപം നിർമിച്ച വി ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിന്റെ പൂർണ വിജയിത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് തുറക്കാനൊരുങ്ങുന്ന ആർട്ട് ഗ്യാലറി. 68 കോടി രൂപ ചെലവിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയം കഴിഞ്ഞവർഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്. ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എവി തിയറ്റർ, ബ്ലാക്ക് ബോക്സ് തിയറ്റർ, ശിൽപ്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം, ഉദ്യാനം, വിശാലമായ പാർക്കിങ്, കഫ്റ്റീരിയ സൗകര്യങ്ങൾ എന്നിവചേർന്ന സാംസ്കാരിക സമുച്ചയത്തിലൂടെ നാടിന്റെ സാംസ്കാരിക ചാരുത വർധിപ്പിക്കുകയാണ് സാംസ്കാരിക വകുപ്പിന്റെ ലക്ഷ്യം. ചൊവ്വ വൈകിട്ട് മൂന്നിന് പാലക്കാട് പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ വാസുദേവൻ നമ്പൂതിരി കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്തിന് ചിത്രങ്ങൾ കൈമാറും.










0 comments