അൽപ്പം വിശ്രമം തരൂ
ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധം ആളി

സ്വന്തം ലേഖകൻ
പാലക്കാട്
വിശ്രമം തടഞ്ഞുവയ്‌ക്കുകയും സുരക്ഷ പരിഗണിക്കാതെ ജോലിക്ക് നിയോഗിക്കുകയും ചെയ്യുന്ന റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് ലോക്കോ പൈലറ്റുമാരും കുടുംബാംഗങ്ങളും പാലക്കാട് ഡിആർഎം ഓഫീസിലേക്ക് മാർച്ച് നടത്തി. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വം നൽകിയ മാർച്ച് വി കെ ശ്രീകണ്ഠൻ എംപി ഉദ്‌ഘാടനം ചെയ്തു. ഡിവിഷണൽ വർക്കിങ് പ്രസിഡന്റ് കെ കെ കേശവൻ അധ്യക്ഷനായി. സെക്രട്ടറി ജനറൽ കെ സി ജെയിംസ്, ഡിആർഇയു ഡിവിഷണൽ സെക്രട്ടറി സുജിത്, പി ജഗേശൻ, പി വിജയകുമാർ, എം വിനോദ് എന്നിവർ സംസാരിച്ചു. ലോക്കോ പൈലറ്റുമാരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാതെയാണ് റെയിൽവേയുടെ പ്രവർത്തനം. ഹൈക്കോടതി അനുവദിച്ച പ്രതിവാര വിശ്രമം തടഞ്ഞു. സുരക്ഷാ കമ്മിറ്റികളുടെ നിർദേശങ്ങൾ പാലിച്ചില്ല. ഇതിന്റെ ഭാഗമായി എഐഎൽആർഎസിന്റെ നേതൃത്വത്തിൽ 2024ൽ പ്രതിവാര വിശ്രമം സ്വയം നടപ്പിലാക്കി പ്രതിഷേധിച്ച ലോക്കോ പൈലറ്റുമാരെ നിർബന്ധപൂർവം സ്ഥലംമാറ്റി. വിഷയം ചർച്ചയായപ്പോൾ തിരുവനന്തപുരം, സേലം ഡിവിഷനുകളിലുണ്ടായിരുന്നവരെ തിരിച്ചെത്തിച്ചു. എന്നാൽ പാലക്കാട് ഡിവിഷനിൽ മാത്രം ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്താതെ തൊഴിലാളികളെ പിഴിയുകയാണ് റെയിൽവേ. യോഗ്യതയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുക, എൻഒസി ലഭിച്ച ജീവനക്കാരെ ഒഴിവാക്കുക, സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ വേഗ നിയന്ത്രണം ഏർപ്പെടുത്തരുത്, അവധി ദിവസങ്ങളിൽ കോൾ നോട്ടീസ് നൽകരുത്, റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ഐആർടി, ഐഡിടി രജിസ്റ്റർ ചെയ്യുക, ക്രൂ ലിങ്കിൽനിന്നുള്ള 22 മണിക്കൂർ പിആർ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.
പ്രതികാരനടപടി പിൻവലിക്കണം: ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി
റെയിൽവേ ലോക്കോ പൈലറ്റുമാരുടെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പാലക്കാട് ഡിവിഷനിൽനിന്ന് സ്ഥലംമാറ്റിയ 12 ലോക്കോ പൈലറ്റുമാരെ മുൻസ്റ്റേഷനുകളിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള വിവിധ ഡിവിഷനുകൾ സ്വീകരിച്ച ശിക്ഷാനടപടികൾ മിക്കതും പിൻവലിച്ചെങ്കിലും പാലക്കാട് ഡിവിഷനിലെ 12 ലോക്കോ പൈലറ്റുമാരുടെ സ്ഥലംമാറ്റം മാത്രം പിൻവലിക്കാത്തത് പ്രതിഷേധാർഹമാണ്. പാലക്കാട് ഡിവിഷനിൽ നിലവിൽ നിരവധി മെയിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നിലനിൽക്കേയാണ് അധികൃതരുടെ നടപടി. തിരുവനന്തപുരം, സേലം ഡിവിഷനുകളിലടക്കം സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ സ്വീകരിച്ച നടപടികൾ 2024 ആഗസ്‌ത് 29ന് താൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായും പിൻവലിക്കാൻ തയ്യാറായത് സ്വാഗതാർഹമാണ്. അതേസമയം, പാലക്കാട് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ ഉണ്ടായിട്ടും സമരത്തിൽ പങ്കെടുത്തെന്ന പേരിൽ ജീവനക്കാർക്കെതിരെ പ്രതികാരനടപടി തുടരുകയാണെന്ന് കത്തിൽ പറഞ്ഞു.









0 comments