▶ ആർ കൃഷ്ണൻ സ്മാരക സമുച്ചയം ഉയരും
അഗ്നിരക്ഷാനിലയം ഇനി കുനിശേരിയിൽ


സ്വന്തം ലേഖകൻ
Published on Jul 15, 2025, 12:00 AM | 1 min read
ആലത്തൂർ
കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തനശേഷം ആലത്തൂർ അഗ്നിരക്ഷാ നിലയം പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ ആ സ്ഥലത്ത് സ്വാതന്ത്ര്യ സമര സേനാനി ആലത്തൂർ ആർ കൃഷ്ണന്റെ പേരിൽ പുതിയ കെട്ടിടമുയരും. കെ ഡി പ്രസേനൻ എംഎൽഎയുടെ ഇടപെടലിൽ 2023ലെ ബജറ്റിൽ അനുവദിച്ച മൂന്നുകോടി ചെലവിലാണ് ആലത്തൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കി സാംസ്‌കാരിക സമുച്ചയം നിർമിക്കുക. സ്വാതന്ത്ര്യ സമരമുൾപ്പെടെ നിരവധി കർഷക, കർഷകത്തൊഴിലാളി, തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയ മുൻ എംഎൽഎയുടെ സ്‌മാരകത്തിൽ ലൈബ്രറി, മ്യൂസിയം, സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള ഇടം, റഫറൻസ് സ്പേസ് തുടങ്ങിയവ ഉണ്ടാകും. 1980ൽ നിർമാണം തുടങ്ങി 1983ൽ ഉദ്‌ഘാടനം ചെയ്‌ത പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ കെട്ടിടത്തിൽ 2000ലാണ് ഫയർ സ്റ്റേഷൻ തുടങ്ങിയത്. ഫയർ സ്റ്റേഷൻ ഇനിമുതൽ കുനിശേരി കുതിരപ്പാറയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുക. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ അസൗകര്യങ്ങൾക്കിടയിൽ ജീവൻ പണയംവച്ച് അനേകം പേരുടെ ജീവൻ രക്ഷിച്ച സേനയുടെ കഥകൾ ചുവർചിത്രങ്ങളായി ബാക്കിനിൽപ്പുണ്ട്. ഓർമകളുടെ ഭാണ്ഡവുമായി അവസാന വണ്ടിയും കുനിശേരിയിലേക്ക് യാത്രയായി. കുഴൽമന്ദത്ത് അനുവദിച്ച 50 സെന്റിൽ പുതിയ കെട്ടിടം ഉയരുംവരെ കുനിശേരി കുതിരപ്പാറ പള്ളിക്ക് സമീപത്തെ കെട്ടിടത്തിലാണ് പ്രവർത്തിക്കുക.
ഉദ്ഘാടനം ഇന്ന്
ആലത്തൂർ ഫയർ സ്റ്റേഷൻ ചൊവ്വ മുതൽ കുനിശേരി കുതിരപ്പാറ പള്ളിമേട്ടിൽ പ്രവർത്തനം തുടങ്ങും. ചൊവ്വ പകൽ 9.30ന് കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.










0 comments