ദേശീയപാത മേൽപ്പാലം പണി-മാസം 3; പൊലിഞ്ഞത് 7 ജീവൻ

കഞ്ചിക്കോട് അസീസി സ്കൂളിന് സമീപം അപകടത്തിൽപ്പെട്ട കാർ
എസ് നന്ദകുമാർ
Published on Oct 19, 2026, 12:01 AM | 2 min read
പുതുശേരി
വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ മേൽപ്പാലം പണിയുടെ ഭാഗമായുള്ള അശാസ്ത്രീയ ഗതാഗത പരിഷ്കരണത്തിൽ മൂന്ന് മാസത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകൾ. മുപ്പതിലേറെയാളുകൾക്ക് അപകടത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം കണ്ണനൂർ ജങ്ഷനിൽ മേൽപ്പാലം പണി നടക്കുന്ന സ്ഥലത്ത് പൊടിപടലങ്ങൾക്കിടയിൽ വന്ന ട്രാക്ടറിടിച്ച് അധ്യാപിക മരിച്ചതാണ് ഒടുവിലത്തേത്. ജൂലൈ 18ന് മേൽപ്പാലം പണിക്ക് റോഡിൽ നിരത്തിയ ചാക്ക് ടയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികനും ഒരു മാസം മുമ്പ് ടാങ്കർ ലോറിയും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. കണ്ണനൂർ പുതുശേരി ബിപി പെട്രോളിനുസമീപം കണ്ണാടി സ്വദേശിയായ യുവാവ്, അതിന് രണ്ട് ദിവസം മുമ്പ് ചന്ദ്രനഗറിൽ തമിഴ്നാട് സ്വദേശിയായ യുവാവ്, മെയ് 26ന് പുതുശേരിയിൽ കൊടുമ്പ് സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്. പുതുശേരിയിൽ മരിച്ച രണ്ടുപേരും പുതുതായി ക്രമീകരിച്ച ഗതാഗതം തിരിച്ചറിയാതെ മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് മരിച്ചത്. ചന്ദ്രനഗറിൽ പാലം പണിക്കായി റോഡിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിലിടിച്ചാണ് തമിഴ്നാട് സ്വദേശി മരിച്ചത്. നിലവിൽ ചന്ദ്രനഗർ, പുതുശേരി, കുരുടിക്കാട്, കഞ്ചിക്കോട്, പഞ്ചായത്ത് ഓഫീസിനുസമീപം, ആലാമരം, കണ്ണനൂർ എന്നിവിടങ്ങളിലാണ് മേൽപ്പാലം പണികൾ പുരോഗമിക്കുന്നത്. ഇഴഞ്ഞുനീങ്ങുന്ന പണിമൂലം ഗതാഗതക്കുരുക്കും പതിവാണ്. ചന്ദ്രനഗർ, പുതുശേരി, പഞ്ചായത്ത് ഓഫീസിനുസമീപം എന്നിവിടങ്ങളിൽ ദേശീയപാതയുടെ ഒരുഭാഗം പൊളിച്ച് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ച് വടംകെട്ടി ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയാതെ വരുന്നവരാണ് അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് കൂടുതൽ അപകടങ്ങളും. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേഗത്തിൽ വരുന്ന വാഹനങ്ങൾ തിരിയേണ്ട സ്ഥലത്തുവച്ച മുന്നറിയിപ്പ് ബോർഡ് ശ്രദ്ധിക്കാതെ വരുന്നു. കൂടാതെ രാത്രി വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടം വർധിപ്പിക്കുന്നു. പുതുശേരിയിൽ ഭാരത് പെട്രോളിയം പമ്പിന് സമീപവും ആലാമരത്തിന് സമീപവും പഴയ ഡിവൈഡർ പൊളിച്ചാണ് വാഹനങ്ങൾ തിരിയാനുള്ള സ്ഥലം താൽക്കാലികമായി ഉണ്ടാക്കിയത്. കോയമ്പത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഇവിടെ ഒരേ ദിശയിൽ തിരിക്കുന്നതും പുതുശേരിയിൽ ബസ് സ്റ്റോപ് ആയതിനാൽ കാൽനട യാത്രക്കാർ കൂടുതൽ ഈ വഴിയിലൂടെ എത്തുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടെ വെളിച്ചക്കുറവ് ഉള്ളതിനാൽ റിഫ്ലക്ടർ സ്ഥാപിക്കണമെന്നും പകൽസമയം ദേശീയപാത കരാർ കമ്പനി ജീവനക്കാർ അപകടസാധ്യതയുള്ള പുതുശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി നിൽക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ദിവസവും ഒരു അപകടമെങ്കിലും വാളയാർ മുതൽ കണ്ണനൂർവരെയുള്ള ഭാഗങ്ങളിൽ സംഭവിക്കാറുണ്ട്. പലയിടത്തും മുന്നറിയിപ്പ് ബോർഡില്ലാതെ ഡിവൈഡറിൽ ഇടിച്ചാണ് കൂടുതൽ അപകടങ്ങളുമുണ്ടാകുന്നത്.









0 comments