കേന്ദ്ര സർവകലാശാലകളിൽ സംവരണം ഉറപ്പാക്കണം: പികെഎസ്

കേന്ദ്ര സർവകലാശാലകളിൽ സംവരണം ഉറപ്പാക്കണം: പികെഎസ്
പാലക്കാട്
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സെൻട്രൽ സർവകലാശാലകളിൽ സംവരണ പ്രകാരം വിദ്യാർഥി പ്രവേശനവും അധ്യാപക നിയമനവും നടത്തണമെന്ന് പികെഎസ് (പട്ടികജാതി ക്ഷേമ സമിതി) ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിൽ ഉദ്യോഗ നിയമനത്തിന് സംവരണം ഏർപ്പെടുത്തുക, പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിൽ സുപ്രീം കോടതി ദുർബലപ്പെടുത്തിയ വകുപ്പുകൾ ഭേദഗതി ചെയ്ത് മറി കടക്കാൻ കേന്ദ്രസർക്കാർ നിയമം പാസാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുണ്ടൂർ ഇ എം എസ് മന്ദിരത്തിൽ നടന്ന കൺവൻഷൻ ഡിഎസ്‌എംഎം കേന്ദ്രകമ്മിറ്റിയംഗം അഡ്വ. ഒ എം ഭരത്വാജ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ, സംസ്ഥാന കമ്മിറ്റി അംഗം പി പി സുമോദ് എംഎൽഎ, ജില്ലാ ഭാരവാഹികളായ പി വാസു, എം മാധവൻ, കെ പി ശ്രീനിവാസൻ, ബി സി അയ്യപ്പൻ, രാധ പഴണിമല, കെ രാജൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 22ന് നടക്കുന്ന പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ രണ്ടായിരംപേരെ പങ്കെടുപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.










0 comments