നാടൊന്നാകെ ഒഴുകിയെത്തി
വിദർശ കെ വിനോദിനെ ജന്മനാട് വരവേറ്റു


സ്വന്തം ലേഖകൻ
Published on Oct 03, 2026, 01:30 AM | 1 min read
തിരുവമ്പാടി
ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളിമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ തമ്പലമണ്ണ ഇലഞ്ഞിക്കൽ കൊച്ചാലുങ്കൽ വിദർശ കെ വിനോദിന് ജന്മനാട്ടിൽ പൗരാവലി ഊഷ്മള വരവേൽപ്പ് നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവമ്പാടി യുസി മുക്കിൽ നിന്നാരംഭിച്ച സ്വീകരണ റാലിയിൽ നാടൊന്നാകെ അണിനിരന്നു. തുറന്നവാഹനത്തിലാണ് വിദർശയെ സ്വീകരണകേന്ദ്രമായ ബസ് സ്റ്റാൻഡ് പരിസരത്തെ വേദിയിലെത്തിച്ചത്. താരത്തെ കാണാനും ആശംസകൾ അർപ്പിക്കാനും വൻ ജനസഞ്ചയമാണ് റോഡിനിരുവശവും തടിച്ചുകൂടിയത്. മന്ത്രി ടി സിദ്ധിഖ്, സി കെ കാസിം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ തുടങ്ങി നാടൊന്നാകെ അണിചേർന്ന സ്വീകരണ ഘോഷയാത്ര തിരുവമ്പാടി ടൗണിനെ ആവേശക്കടലാക്കി. തുടർന്നുനടന്ന ആദരസമ്മേളനം മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് അസി. വികാരി ഫാ. സാവിയോ എന്നിവർ സംസാരിച്ചു. തിരുവമ്പാടി പഞ്ചായത്ത് നേതൃത്വത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് വരവേൽപ്പ് സംഘടിപ്പിച്ചത്.









0 comments