പ്രവൃത്തി ഊരാളുങ്കലിന്
വടകര-–-വില്യാപ്പള്ളി–-ചേലക്കാട് റോഡ്: ടെൻഡർ അംഗീകരിച്ചു

വടകര സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന വടകര–-വില്യാപ്പള്ളി–-ചേലക്കാട് റോഡിന്റെ ടെൻഡർ അംഗീകരിച്ചു. സംസ്ഥാനതല ടെൻഡർ അപ്രൂവൽ കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതി നടപ്പാക്കും. പാത കടന്നുപോവുന്ന കുറ്റ്യാടി-, നാദാപുരം നിയോജക മണ്ഡലങ്ങളിലെ പ്രവൃത്തിയാണിത്. ദേശീയപാതയെയും സംസ്ഥാനപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതും വടകര നഗരസഭ, വില്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, നാദാപുരം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതുമാണ് ഈ റോഡ്. വടകര, വില്യാപ്പള്ളി, ചേലക്കാട് റോഡ് വടകരയിൽനിന്ന് വയനാട്ടിലേക്കും കിഴക്കൻ മലയോര മേഖലയിലേക്കും നാദാപുരം, പെരിങ്ങത്തൂർ ഭാഗത്തേക്കും എത്തിച്ചേരാനുള്ള എളുപ്പ മാർഗവുമാണ്. കുറ്റ്യാടി–നാദാപുരം നിയോജക മണ്ഡലങ്ങളിലെ ഭൂരിഭാഗം ഭൂവുടമകളും റോഡ് നിർമാണത്തിന് ഭൂമി വിട്ടുനൽകാൻ സമ്മതപത്രം നൽകിയിട്ടുണ്ട്. സ്ഥലം വിട്ടു നൽകുന്ന ഭൂവുടമകൾക്ക് അവരുടെ ജീവനോപാധികൾ നിലനിർത്തുന്നതിന് ആവശ്യമായ ഘടകങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വീട്ടുമതിലുകൾ പൊളിക്കുന്ന പക്ഷം മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർനിർമിച്ചു നൽകുന്നതിനുള്ള ഘടകങ്ങളും എസ്റ്റിമേറ്റിലുണ്ട്. 12 മീറ്റർ വീതിയിലാണ് റോഡ് വികസനം. എഫ്ഡിആർ ടെക്നോളജി ഉപയോഗിച്ചും ബിഎംബിസി നിലവാരത്തിലുമാണ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക. പ്രവൃത്തി ആരംഭിക്കേണ്ട ഭാഗങ്ങൾ അക്ലോത്ത് നട പാലത്തിനടുത്തുനിന്ന് രേഖപ്പെടുത്തി തുടങ്ങി. കെആർഎഫ്ബിയാണ് പദ്ധതിയുടെ എസ്‌പിവി.










0 comments