സ്‌കൂളുകളിൽ മതത്തിന്റെയോ ജാതിയുടെയോ വേർതിരിവ് പാടില്ല: മന്ത്രി

ചേന്നമംഗല്ലൂർ ഗവ. യുപി സ്‌കൂൾ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
മുക്കം സ്‌കൂളുകളിൽ മതത്തിന്റെയോ ജാതിയുടെയോ വേർതിരിവുകൾ പാടില്ലെന്നും ഇത്തരം ചിന്തകളില്ലാതെ ഏകോദര സഹോദരങ്ങളെ പോലെ കഴിയാൻ കുട്ടികളെ അനുവദിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുക്കം നഗരസഭയിലെ ചേന്നമംഗല്ലുർ ജിഎം യുപി സ്കൂൾ കെട്ടിടത്തിന്റെയും സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന സര്‍ക്കാര്‍ നിലപാടിനൊപ്പംനിന്ന് അധ്യാപകര്‍ വിദ്യാര്‍ഥികളെ സ്വന്തം മക്കളായി പരിഗണിക്കണം. സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ ഒരു വിദ്യാർഥി ഏതെങ്കിലും ഒരു കായികയിനം നിര്‍ബന്ധമായും പഠിക്കണമെന്ന നിബന്ധന കൊണ്ടുവരും. പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ മാനസികവും ശരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. നഗരസഭ സെക്രട്ടറി കൃഷ്ണ ഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദ്‌നി, സ്ഥിരംസമിതി അധ്യക്ഷരായ ഇ സത്യനാരായണന്‍, പ്രജിതാ പ്രദീപ്, കൗണ്‍സിലര്‍മാരായ അബ്ദുള്‍ ഗഫൂര്‍, അശ്വതി സനൂജ്, കെ ബിന്ദു, ജോഷില സന്തോഷ്, സാറ കൂടാരം, എം മധു, റംല ഗഫൂര്‍, ഫാത്തിമ കൊടപ്പന, മുക്കം എഇഒ ടി ദീപ്തി, സെയ്ഫുദ്ദീൻ നറുക്കിൽ, ഒ സുബീഷ്, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കേരള ഒളിമ്പിക്‌സ് ജൂഡോ യോഗ്യത ലഭിച്ച എ കെ ആരാധ്യരാജ്, സ്‌കൂള്‍ കെട്ടിടം രൂപകൽപ്പന ചെയ്‌ത ആര്‍ക്കിടെക്ചര്‍ ഡിസൈനര്‍ അഭിരാം മനോജ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്‍ജിനിയര്‍മാരായ സി എം ജിനീഷ്, ആസിഫ് എന്നിവരെ മന്ത്രി ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു സ്വാഗതവും പ്രധാനാധ്യാപകൻ കെ വാസു നന്ദിയും പറഞ്ഞു.









0 comments