ad
Deshabhimani

മാറ്റത്തിന്റെ നൊച്ചാട്‌ ടച്ച്‌

രാമല്ലൂർ ഗവ. എൽപി സ്കൂൾ

രാമല്ലൂർ ഗവ. എൽപി സ്കൂൾ

വെബ് ഡെസ്ക്

Published on Oct 21, 2025, 01:31 AM | 2 min read

ഇ ബാലകൃഷ്ണൻ പേരാന്പ്ര ചോർന്നൊലിക്കുന്ന മേൽക്കൂരയും ഇടിഞ്ഞുവീഴാറായ ക്ലാസ്‌ മുറികളും. പൂട്ടലിന്റെ വക്കിലെത്തിയ ഒരു സർക്കാർ എൽപി സ്‌കൂൾ. 10 വർഷങ്ങൾക്ക്‌ മുന്നേ രാമല്ലൂർ സ്‌കൂളെന്ന്‌ കേൾക്കുന്പോൾ ആരുടെയും മനസ്സിൽ വരുന്ന ചിത്രമിതാണ്‌. ഇന്ന്‌ ആ പഴയ സ്‌കൂൾ തേടിപ്പോയാൽ നിങ്ങളെത്തുന്നത്‌ മൂന്ന്‌ നിലയിലായി നിർമിച്ച മനോഹരമായ കെട്ടിടത്തിലേക്കാവും. വിശാലമായ ക്ലാസ്‌ മുറികൾ, ശുചിമുറികൾ, നിറയെ കുട്ടികൾ. അടച്ചിടാനൊരുങ്ങിയ അതേ സ്‌കൂളിലൂടെ അറിവിന്റെ ലോകത്തേക്ക്‌ വർണച്ചിറകുകൾ നൽകി കുഞ്ഞുങ്ങളെ തുറന്നുവിടുന്പോൾ ഏറെ അഭിമാനിക്കാം, നൊച്ചാട്‌ പഞ്ചായത്തിന്‌. സമഗ്രമേഖലയിലും അതിവേഗം വികസനം സാധ്യമാക്കുന്ന നൊച്ചാട്‌ പഞ്ചായത്തിന്റെ മികവിന്റെ അടയാളപ്പെടുത്തലിൽ ഒന്ന്‌ മാത്രമാണ്‌ രാമല്ലൂർ എൽപി സ്കൂൾ. ശോച്യാവസ്ഥയ്‌ക്ക്‌ പുറമെ 46 കുട്ടികൾ മാത്രമായി 2016ൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. 2017ലാണ്‌ സ്‌കൂളിന്‌ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത്‌ മുന്നിട്ടിറങ്ങിയത്‌. നാട്ടുകാർ സമാഹരിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ 18 സെന്റ്‌ സ്ഥലത്തിന്‌ പുറമെ 10 സെന്റ്‌ പഞ്ചായത്തും നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്നുള്ള 4.25കോടി രൂപ ഉപയോഗിച്ച്‌ മൂന്നുനില കെട്ടിടവും പണിതു. ഇന്നിവിടെ നൂറിലധികം കുട്ടികളുണ്ട്‌. അഞ്ച്‌ വർഷംകൊണ്ട് 100 കോടിരൂപക്ക്‌ മുകളിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ പഞ്ചായത്താണ് നൊച്ചാട്. ​ കൃഷിയിൽ മാതൃക ​ തരിശിട്ട പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുന്നതിനായി കതിരണിയും പാടം പദ്ധതി ആരംഭിച്ചു. ജനകീയ കൂട്ടായ്മയിൽ തോടുകളുടെ നിർമാണവും പുനരുദ്ധാരണവും നടപ്പാക്കിയതോടെ നെൽകൃഷി വ്യാപിപ്പിച്ചു. ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണവും വിതരണവും ആരംഭിച്ചു. തവിടുകളയാത്ത നൊച്ചാട് ബ്രാന്റ്‌ അരി വിപണിയിലിറക്കി. ഇടവിള കൃഷി വ്യാപനം സമഗ്ര പച്ചക്കറി കൃഷി, സമഗ്ര നാളികേര പദ്ധതി, കുറ്റിക്കുരുമുളക്, ഫലവൃക്ഷത്തൈ വിതരണം, നേന്ത്രവാഴ കൃഷി, ചെറുധാന്യ കൃഷി, പൂകൃഷി എന്നിവയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനായി. കൃഷിഭവനിൽ ഇക്കോ ഷോപ്പും കീടനിയന്ത്രണത്തിനുള്ള ക്ലിനിക്കും സ്ഥാപിച്ചു. ​​ ആരോഗ്യം സൂപ്പർ ആരോഗ്യ സാക്ഷര ഗ്രാമം പദ്ധതിയിലൂടെ രോഗമുക്ത ഗ്രാമം എന്ന ആശയം നടപ്പാക്കിയാണ്‌ മുന്നേറുന്നത്‌. ‘ആരോഗ്യം അമൂല്യം’ പദ്ധതിയിലൂടെ പകർച്ചവ്യാധി നിയന്ത്രണം, മഴക്കാലപൂർവ ശുചീകരണം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, അജൈവമാലിന്യ നിർമാർജനം, പെയിൻ ആൻഡ്‌ പാലിയേറ്റീവ് പ്രവർത്തനം എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന്‌ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. ലാബ്‌ പ്രവർത്തനം വിപുലീകരിച്ചു. നാല് സബ് സെന്ററുകൾ വെൽനസ് സെന്ററുകളാക്കി. നൊച്ചാട് ആയുർവേദ ആശുപത്രിയിൽ സ്ത്രീ രോഗ ചികിത്സക്കും പ്രസൂതി പദ്ധതി നടത്തിപ്പിനുമായി ഗൈനക്കോളജിസ്റ്റിനേയും നേത്രരോഗ സ്പെഷ്യലിസ്റ്റിനേയും നിയമിച്ചു. സ്പന്ദനം ഒപി, യോഗ, ഫിസിയോ തെറാപ്പി എന്നിവയും ആരംഭിച്ചു. ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിർമിച്ചു. ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനവും കിടപ്പുരോഗികളെ വീടുകളിൽ ചെന്ന് പരിശോധിക്കുന്ന അരികെ പദ്ധതിയും മറ്റൊരു സവിശേഷതയാണ്‌. അംഗീകാരങ്ങൾ * 2020–21ൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനവും മഹാത്മാ പുരസ്കാരവും. * 2020ൽ സമ്പൂർണ ജൈവ കാർഷികമണ്ഡലം അവാർഡ് ജില്ലയിൽ മൂന്നാംസ്ഥാനം. * ആരോഗ്യ കേരളം പുരസ്കാരം. രണ്ടുതവണ കായകൽപ്പ പുരസ്കാരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home