നോർത്ത് സീനാണ്...

മാനാഞ്ചിറ-–വെള്ളിമാടുകുന്ന് റോഡിന്റെ സിവില്‍ സ്റ്റേഷന്‍ ഭാഗത്തുനിന്നുള്ള ദൃശ്യം.
ബൈജു വയലിൽ
Published on Mar 24, 2026, 12:46 AM | 2 min read
കോഴിക്കോട്
തെരഞ്ഞെടുപ്പ് ഇങ്ങെത്തി. നാടിനായി വിരലമർത്തുംമുന്പ് കോഴിക്കോടിന്റെ ഹൃദയമണ്ഡലമായ നോർത്തിന് പറയാനും പങ്കുവയ്‌ക്കാനുമേറെയുണ്ട്. അത് കാണാനും കേൾക്കാനുമായി രണ്ട് കാഴ്‌ചകളിലേക്കാണ് വികസനപാത വഴി തുറക്കുന്നത്. സീൻ ഒന്ന് നാടിന്റെ വർഷങ്ങളുടെ കാത്തിരിപ്പിന് കുരുക്കഴിച്ച്, മാനാഞ്ചിറ മുതൽ മലാപ്പറന്പ് വരെ നിവർന്നുകിടക്കുന്ന വിശാലമായ പാത. നടപ്പാതയുടെയും കൈവരികളുടെയും മീഡിയനുകളുടെയും പ്രവൃത്തി പുരോഗമിക്കുന്നു. മലാപ്പറന്പ് മുതൽ വെള്ളിമാട്‌കുന്ന് വരെയുള്ള റോഡ് പ്രവൃത്തിയും നടക്കുന്നു. മാനാഞ്ചിറ -– വെള്ളിമാട്കുന്ന് റോഡ് എന്ന സ്വപ്‌ന സാക്ഷാൽക്കാരം സാഭിമാനം നേർവഴിയിൽ യാത്ര തുടരുന്നു... സീൻ രണ്ട് വിശാലമായ 12 ക്ലാസ് റൂമുകൾ, വലിയ ഓഡിറ്റോറിയം, ഇന്റർലോക്ക് ചെയ്ത ചുറ്റുമതിലും ഗ്രൗണ്ടും... പുതിയങ്ങാടി ജിഎംയുപി സ്‌കൂൾ ഇപ്പോൾ വേറെ ലെവലാണ്. പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയും ചുവരും അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയ ഓഫീസുമായി ദുരിതകാലം താണ്ടിയ പൊതുവിദ്യാലയമിപ്പോൾ ആരെയും അതിശയിപ്പിക്കുന്ന ലുക്കിൽ തിളങ്ങുകയാണ്... തീരാത്ത കാഴ്ചകൾ മണ്ഡലത്തിലെ കാഴ്‌ചകൾ തീരുന്നില്ല. റോഡും സ്‌കൂളും കെട്ടിടങ്ങളും ഓടനവീകരണവുമായി തിളങ്ങുന്ന നോർത്ത് മണ്ഡലത്തിന്റെ വികസന നായകൻ തോട്ടത്തിൽ രവീന്ദ്രൻ ഒരിക്കൽ കൂടി എൽഡിഎഫ് സ്ഥാനാർഥിയാവുന്പോൾ മുന്നേറ്റത്തിന്റെ ഇൗ കാഴ്‌ചകൾ ആത്മവിശ്വാസത്തിന് അടിത്തറ പാകുകയാണ്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നടത്തിയ വിശ്രമമില്ലാത്ത ഇടപെടലിലൂടെയാണ് മലാപ്പറന്പ്–വെള്ളിമാട്‌കുന്ന് പാത നവീകരണം, പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയങ്ങാടി ജിഎംയുപിക്ക് മൂന്ന് കോടിയുടെ പുതിയ കെട്ടിടം, തീരദേശ മേഖലയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 13.5 കോടി രൂപയുടെ ജലാശയ നവീകരണ പ്രവർത്തനങ്ങൾ, പാവങ്ങാട് പുതിയാപ്പ റെയിൽവേ മേൽപ്പാല നിർമാണം തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ സാധ്യമാക്കിയത്. രാജ്യത്തെ ആദ്യ അവയവ മാറ്റ ആശുപത്രി വരുന്നതും നോർത്ത് മണ്ഡലത്തിലാണ്. ഇതിന് പുറമെ കിഫ്ബിയിൽ 93കോടി ചെലവഴിച്ച് ബീച്ച് ആശുപത്രി നവീകരിക്കാൻ പദ്ധതിയായി. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാതൃകകളായി നടക്കാവ്, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് ക്യാമ്പസ്, മലാപ്പറന്പ് സർക്കാർ സ്‌കൂളുകൾ മാറി. കായിക പ്രേമികൾക്കായി രണ്ട് മിനി സ്റ്റേഡിയങ്ങൾ, കോഴിക്കോട് ബാലുശേരി റോഡിന് 165 കോടി, മെഡിക്കൽ കോളേജ് വികസനത്തിന് 4.5 കോടി, എല്ലാ സർക്കാർ വിദ്യാലയങ്ങളിലും കെട്ടിടം എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങളുമായാണ് മണ്ഡലം അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.










0 comments