Deshabhimani

ആരോഗ്യമന്ത്രിയുടെ ഉറപ്പ്‌ പാഴ്‌വാക്കായി

കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിട നിർമാണം നിലച്ചു

a

കൊയിലാണ്ടി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം നിലച്ചപ്പോൾ

avatar
എ സജീവ്കുമാർ

Published on Oct 15, 2026, 02:34 AM | 1 min read

കൊയിലാണ്ടി

ഒന്നര വർഷംകൊണ്ട്‌ പൂർത്തിയാക്കുമെന്ന്‌ മന്ത്രി കെ മുരളീധരൻ ഉറപ്പുനൽകിയ കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയുടെ കെട്ടിട നിർമാണം നിലച്ചു. കെട്ടിടത്തിന്റെ അടിഭാഗത്തെ പില്ലര്‍ മാത്രമാണ്‌ പൂർത്തിയായത്‌. അതും ഭാഗികമായി മാത്രം. ഒന്നരമാസമായി ഒരുപ്രവൃത്തിയും നടന്നിട്ടില്ല.

കഴിഞ്ഞ ജൂലൈ 13 ന്‌ ആരോഗ്യമന്ത്രി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച്‌ നടത്തിയ ഉന്നതതല യോഗത്തിലാണ് പതിനെട്ട് മാസംകൊണ്ട് നിർമാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞത്.

പരിമിതികള്‍കൊണ്ട് പ്രയാസപ്പെടുന്ന ആശുപത്രിക്ക്‌ പുതിയ കെട്ടിടം വരുന്നതോടെ കുറേയേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നുകണ്ടാണ്‌ മുൻ എൽഡിഎഫ് സർക്കാർ 42 കോടിയുടെ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. പരിമിതമായ സൗകര്യങ്ങളിലുള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം മെച്ചപ്പെടുത്താന്‍ പുതിയ കെട്ടിടത്തിൽവരുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ സാധിക്കും. രണ്ട് ഷിഫ്റ്റ് മാത്രമാണ് ഡയാലിസിസ് നടത്തുന്നത്. പേരുനല്‍കി നിരവധി പേരാണ്‌ കാത്തിരിക്കുന്നത്‌. ഇവരുടെ പ്രതീക്ഷയാണ് കെട്ടിടത്തിന്റെ പണി അനിശ്ചിതമായി നീളുമ്പോള്‍ ഇല്ലാതാകുന്നത്.

ഒരുവര്‍ഷത്തിലേറെയായി ഇവിടെ മോര്‍ച്ചറി സംവിധാനം ഇല്ലാതായിട്ട്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിനെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി ആശ്രയിക്കുന്നത്. ഇത്രയും ദൂരെ മൃതദേഹം കൊണ്ടുപോയി തിരിച്ചുകൊണ്ടുവരികയെന്നത് സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തിക ബാധ്യതയാണ്. നിർമിക്കുന്ന കെട്ടിടത്തിൽ മോർച്ചറി സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

തീരദേശ മേഖലയില്‍നിന്നടക്കമുള്ള സാധാരണക്കാരുടെ ആശ്രയമാണ് താലൂക്ക് ആശുപത്രി. എത്രയും പെട്ടെന്ന് കെട്ടിടമൊരുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ആശുപത്രി സന്ദർശിച്ചിട്ടും ആരോഗ്യമന്ത്രി നിർമാണം വേഗത്തിലാക്കാൻ ഒരുഇടപെടലും നടത്താത്തതിൽ വലിയ പ്രതിഷേധമാണുയരുന്നത്‌. എംഎൽഎയും വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home