ജ്വലിച്ചു ജനരോഷം

പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസ് എംഎൽഎക്കും എതിരായ യുഡിഎഫ് സർക്കാരിന്റെയും ഇഡിയുടെയും രാഷ്ട്രീയ വേട്ടയാടലിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ജില്ലയിൽ ജനരോഷം ഉയർന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്‌ട്രീയ പാർടി നേതാക്കളെ ബിജെപി വേട്ടയാടപ്പെടുന്പോൾ അതിന് കുടപിടിക്കുന്ന യുഡിഎഫ് സർക്കാർ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചു. ‘മോദി–മേനോൻ, വിഡി–ഇഡി വേട്ട’ സിപിഐ എമ്മിനോട് വേണ്ട എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് നഗരത്തിലും ഏരിയാ കേന്ദ്രങ്ങളിലും നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കോഴിക്കോട് നഗരത്തിൽ മുതലക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധം മൊഫ്യൂസൽ ബസ് സ്‌റ്റാൻഡിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനം ചെയ്‌തു. സിഎംആർഎൽ കന്പനിയും ആദായനികുതി വകുപ്പും തമ്മിലുള്ള തർക്കം ഉപയോഗിച്ച്, ഇഡി ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും വേട്ടയാടുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ഇഡിയെ ഉപയോഗിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. അതേ മാതൃകയിൽ കേരളത്തെയും ബിജെപിയുടെ കൈകളിലെത്തിക്കാനാണ് സിപിഐ എമ്മിനെയും അതിന്റെ നേതാക്കളെയും വേട്ടയാടുന്നത്. ഇക്കാര്യത്തിൽ ബിജെപിക്ക് എല്ലാ പിന്തുണയും നൽകുന്നത് യുഡിഎഫ് സർക്കാരാണ്. വി ഡി സതീശൻ ആർഎസ്‌എസ് ഡീലാണ് കേരളത്തിൽ നടക്കുന്നതെന്നും എം മെഹബൂബ് പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ടി വിശ്വനാഥൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രദീപ്‌കുമാർ, വി വസീഫ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി പി മുസാഫർ അഹമ്മദ്, എസ് കെ സജീഷ് എന്നിവർ സംസാരിച്ചു.










0 comments