പുഴയിൽ മാലിന്യം തള്ളി: പഞ്ചായത്ത് പിഴ ചുമത്തി

വാണിമേൽ പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ നിലയിൽ
നാദാപുരം വാണിമേൽ ചേരനാണ്ടി പുഴയിൽ മാലിന്യം തള്ളി. മയ്യഴിപ്പുഴയുടെ ഭാഗമായ വാണിമേൽ ചേരനാണ്ടി പുഴയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് പ്ലാസ്‌റ്റിക് ചാക്കുകളിലാക്കിയ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിൽ നടന്ന ചടങ്ങിന്റെ ഭാഗമായുള്ള മാലിന്യമാണ് തള്ളിയതെന്ന് തിരിച്ചറിഞ്ഞതോടെ സ്വകാര്യവ്യക്തിയെ വിളിച്ചുവരുത്തി പുഴയിൽനിന്ന് മാലിന്യം നീക്കംചെയ്യിക്കുകയും 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. വാണിമേൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ബി എസ് വിപിൻലാൽ, കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി പി സതീഷ് കുമാർ, കെ എം ചിഞ്ചു, പി വിജയരാഘവൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.











0 comments