ad
Deshabhimani

മേയറായി ഒ സദാശിവൻ

കോഴിക്കോട് കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഒ സദാശിവനെ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റിയംഗം പി മോഹനന്‍ എന്നിവര്‍ അനുമോദിക്കുന്നു

കോഴിക്കോട് കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഒ സദാശിവനെ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റിയംഗം പി മോഹനന്‍ എന്നിവര്‍ അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 02:06 AM | 2 min read

സ്വന്തം ലേഖിക കോഴിക്കോട്‌ കോർപറേഷൻ മേയറായി ഒ സദാശിവനും ഡെപ്യൂട്ടി മേയറായി എസ്‌ ജയശ്രീയും ചുമതലയേറ്റു. വെള്ളി ചേർന്ന കൗൺസിലിൽ വോട്ടെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. കലക്ടർ സ്‌നേഹിൽ കുമാർ സിങ്‌ വരണാധികാരിയായി. വോട്ടെടുപ്പിൽ 76ൽ 33 വോട്ട് നേടിയാണ് എൽഡിഎഫിലെ ഒ സദാശിവൻ മേയറായത്. രണ്ട്‌ വോട്ട്‌ അസാധുവായി. ഡെപ്യൂട്ടി മേയർ എസ്‌ ജയശ്രീക്ക്‌ 76ൽ 35 -വോട്ട് കിട്ടി. മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ യഥാക്രമം എൽഡിഎഫിലെ ആഷിക, എസ്‌ എം തുഷാര എന്നിവർ നാമനിർദേശം ചെയ്യുകയും വി പി മനോജ്‌, കെ രാജീവ്‌ എന്നിവർ പിന്തുണയ്‌ക്കുകയും ചെയ്‌തു. മേയർ തെരഞ്ഞെടുപ്പിലെ ആദ്യ റ‍ൗണ്ടിൽ എൽഡിഎഫ്‌ 35, യുഡിഎഫ്‌ 28, എൻഡിഎ 13 എന്നിങ്ങനെ ആയിരുന്നു വോട്ടിങ്‌ നില. ഏറ്റവും കുറഞ്ഞ വോട്ട്‌ നേടിയതിനാൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ എൻഡിഎ വിട്ടുനിന്നു. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എസ്‌ കെ അബൂബക്കറിനും ഡെപ്യൂട്ടി മേയർ സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയ്‌ക്കും 28 വോട്ട്‌ വീതം ലഭിച്ചു. എൻഡിഎയുടെ മേയർ സ്ഥാനാർഥിയായി നന്പിടി നാരായണനും ഡെപ്യൂട്ടി മേയറായി നവ്യ ഹരിദാസുമാണ്‌ മത്സരിച്ചത്‌. മേയർക്ക്‌ കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങും ഡെപ്യൂട്ടി മേയർക്ക്‌ മേയർ ഒ സദാശിവനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ എം നോർത്ത്‌ ഏരിയാ കമ്മിറ്റി അംഗമായ ഒ സദാശിവൻ തടന്പാട്ട്താഴം വാർഡിൽനിന്ന്‌ 379 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ‌ വിജയിച്ചത്‌. നിലവിൽ വേങ്ങേരി വാർഡിന്റെ ക‍ൗൺസിലറായിരുന്നു. 2010–ലും ക‍ൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സിപിഐ എം വേങ്ങേരി, എരഞ്ഞിപ്പാലം ലോക്കൽ സെക്രട്ടറി, കർഷകസംഘം നോർത്ത്‌ ഏരിയാ ട്രഷറർ, കോഴിക്കോട്‌ അർബൻ ബാങ്ക്‌ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ട്‌. കർഷകനായ ഒ സദാശിവൻ വേങ്ങേരി കാർഷിക വികസന മാർക്കറ്റിൽ ജൈവ പച്ചക്കറി കൃഷിയിൽ സജീവമാണ്‌. സിപിഐ എം കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗമാണ്‌ ഡോ. എസ്‌ ജയശ്രീ. ‌കോട്ടൂളി വാർഡിൽനിന്ന്‌ 271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. നിലവിൽ ആരോഗ്യസമിതി അധ്യക്ഷയായിരുന്നു. കൊല്ലം പെരുവേലിക്കര സ്വദേശിയാണ്‌. കോളേജ്‌ അധ്യാപികയായ ജയശ്രീ മീഞ്ചന്ത ഗവ. ആർട്‌സ്‌ കോളേജ്‌ കെമിസ്‌ട്രി വിഭാഗം മേധാവിയായിരുന്നു. മീഞ്ചന്ത ആർട്‌സ്‌ കോളേജ്‌ പ്രിൻസിപ്പലായി 2020–ലാണ്‌ വിരമിച്ചത്‌. എകെജിസിടി ആർട്‌സ്‌ കോളേജ്‌ യൂണിറ്റ്‌ പ്രസിഡന്റും ജില്ലാ അക്കാദമിക്‌ കമ്മിറ്റി ചെയർപേഴ്‌സണുമായിരുന്നു. അസോസിയേഷൻ ഓഫ്‌ കേരള ഗവ. കോളേജ്‌ ടീച്ചേഴ്‌സ്‌ അംഗമായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌, സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി പി മുസാഫർ അഹമ്മദ്‌, പി നിഖിൽ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, എൽഡിഎഫ്‌ നേതാക്കളായ എം പി സൂര്യനാരായണൻ, പി കെ നാസർ, മുൻ ഡെപ്യൂട്ടി മേയർമാരായ പി ടി അബ്ദുൾ ലത്തീഫ്‌, മീര ദർശക്‌ തുടങ്ങിയവർ ഇരുവരെയും അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home