മൊഞ്ചേറി ബാലുശേരി താലൂക്കാശുപത്രി

ബാലുശേരി താലൂക്കാശുപത്രി
ഗിരീഷ് വാകയാട് ബാലുശേരി ബാലുശേരി താലൂക്ക് ആശുപത്രി കെട്ടിലും മട്ടിലും പുതുമോടിയിലാണിപ്പോൾ. അടിസ്ഥാന സൗകര്യങ്ങളിൽ വൻകുതിച്ചുചാട്ടമുണ്ടായി. രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിനുമായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കിഫ്‌ബി ചിറകിലാണ് ഇൗ നേട്ടങ്ങളെല്ലാം കൈവരിച്ചത്. 23.20 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 3167.29 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ളതാണ് ബഹുനില കെട്ടിടം. നിലവിലെ കെട്ടിടത്തിന് മുകളിലായി നിർമിച്ചിരിക്കുന്ന വെർട്ടിക്കൽ ബ്ലോക്കും അത്യാധുനിക സൗകര്യങ്ങളുടെ കൂടാരമാണ്. കെ എം സച്ചിൻദേവ് എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് കിഫ്ബി ഫണ്ട് അനുവദിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ കൺസ്ട്രക്ഷൻ കമ്പനിയ്ക്കായിരുന്നു നിർമാണ ചുമതല. ബാലുശേരി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകൾക്ക് പുറമെ എലത്തൂർ മണ്ഡലത്തിലെ നന്മണ്ട, കാക്കൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഈ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപകാരപ്രദമാവും. ആശുപത്രിയിൽ നിലവിൽ 13 ഡോക്ടർമാരാണുള്ളത്. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാഷ്വാലിറ്റി, എക്സാമിനേഷൻ റൂം, മൈനർ ഒടി, റിക്കവറി, ഡ്രസ്സിങ് ഇഞ്ചക്ഷൻ റൂം, ജനറൽ –ജനറൽ സർജറി– പിഎംആർ ഒപി, കൺസൾട്ടിങ് റൂം, പൊലീസ് കിയോസ്ക് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഒന്നാം നിലയിൽ ഗൈനക്ക് ഒടിയും ഒപിയും, സെപ്റ്റിക് ഒടി, പേഷ്യന്റ് പ്രിപ്പറേഷൻ റൂം, ബേബി പ്രിപ്പറേഷൻ റൂം, ഡോക്ടർമാരുടെയും, നഴ്സമാരുടെയും വിശ്രമമുറി, ലേബർ വാർഡ്, എൻഐസിയു, പോസ്റ്റ് ഒപി ഐസിയു തുടങ്ങിയവയും രണ്ടാം നിലയിൽ ഓർത്തോ ഒടി, ജനറൽ സർജറി ഒടി, പ്രിപ്പറേഷൻ ഹോൾഡിങ് റൂം, റിക്കവറി, സർജിക്കൽ ഐസിയു, എംഐസിയു വാർഡ് തുടങ്ങിയവയും മൂന്നാം നിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ പുരുഷ വാർഡുകളും ഉണ്ടാകും. വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, എച്ച്ഡിയു (ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക്) വാർഡുകൾ, സിഎസ്എസ്ഡി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്.










0 comments