മണ്ണൂർ ശിവക്ഷേത്രനടയിൽ ഷെരീഫയുടെ ചിത്രങ്ങൾ...

കെ ടി ഷെരീഫ മണ്ണൂർ മഹാ ശിവക്ഷേത്ര നടയിലെ ചുവരിൽ ചിത്രം വരയ്ക്കുന്നു
മനാഫ് താഴത്ത്
Published on Feb 05, 2026, 12:00 AM | 1 min read
ഫറോക്ക്
തപസ്സിരിക്കുന്ന ശിവൻ, പാർവതി, മക്കളായ ഗണപതിയും മുരുകനും ഇവരെല്ലാം കടലുണ്ടി മണ്ണൂർ മഹാ ശിവക്ഷേത്രനടയിലെ ചുവരുകളിൽ പുതുതായി തെളിയുന്പോൾ ആ ചിത്രങ്ങൾക്ക് നിറംപകർന്നത് ചിത്രകാരിയായ കെ ടി ഷെരീഫ. കൂടെ, ചിത്രകല പഠിക്കുന്ന ശിഷ്യരുമുണ്ട് അറിയപ്പെടുന്ന ചിത്രകാരിയായ ഷെരീഫയെ ക്ഷേത്രം ഭാരവാഹികൾതന്നെയാണ് ക്ഷേത്രനടയിൽ വർണച്ചിത്രങ്ങളൊരുക്കാൻ ക്ഷണിച്ചത്. ശിവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി ക്ഷേത്രവും പരിസരവും ചായമടിച്ച് മോടികൂട്ടുന്നതിനൊപ്പമാണ് മനോഹര ചിത്രങ്ങളും ഒരുക്കുന്നത്. നിരവധി സ്കൂൾ ചുവരുകളിൽ സാമൂഹ്യ - ചരിത്ര പ്രാധാന്യമുള്ളതും കുരുന്നുകൾക്ക് പഠനാർഹവുമായ മനേഹര ചിത്രങ്ങൾ വരച്ച് പ്രശസ്തയായ ഇവർ ഫറോക്കിൽ ബിആർസിക്കുകീഴിൽ രണ്ട് സ്കൂളുകളിൽ ചിത്രകലാധ്യാപിക (സ്പെഷ്യലിസ്റ്റ്)യായി പ്രവർത്തിക്കുകയാണ്. സർക്കാർ പരിപാടികൾ, ജനകീയ പ്രക്ഷോഭങ്ങൾ, പ്രത്യേക ക്യാമ്പയിനുകൾ തുടങ്ങിയവയിൽ സഹപ്രവർത്തകരെയും ശിഷ്യരെയും കൂട്ടിയെത്തി ചിത്രംവരയ്ക്കുന്ന ഇവർ ചാലിയം മുരുകല്ലിങ്ങൽ സ്വദേശിയാണ്. ഭർത്താവ് എൻ പി കുഞ്ഞിമുഹമ്മദും സഹായത്തിനുണ്ട്. പ്രശസ്തമായ നിരവധി ചിത്രകലാ ക്യാമ്പുകളിലും മറ്റും പങ്കെടുത്തിട്ടുള്ള ഇവർ കൊച്ചി ബിനാലെയിൽ പങ്കെടുത്തും ശ്രദ്ധനേടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടലുണ്ടി പഞ്ചായത്തിലേക്ക് മുരുകല്ലിൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.










0 comments