സി പി ബാലൻ വൈദ്യർ അനുസ്മരണം
തലപോയാലും ഇഡിക്കും വിഡിക്കും കീഴടങ്ങില്ല: പി എ മുഹമ്മദ് റിയാസ് എംഎൽഎ

സി പി ബാലൻ വൈദ്യരുടെ 18–-ാം അനുസ്മരണം ചേളന്നൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചേളന്നൂർ കുറഞ്ഞ കാലംകൊണ്ട് ഇത്രയേറെ ചീത്തപ്പേരുണ്ടാക്കിയ ഒരുസർക്കാർ കേരളം ഭരിച്ചിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാനുമായിരുന്ന സി പി ബാലൻ വൈദ്യരുടെ 18–-ാം അനുസ്മരണം ചേളന്നൂർ പുതിയേടത്ത് താഴത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പവർകട്ടിന് പരിഹാരം കാണേണ്ട വൈദ്യുതി മന്ത്രി, കെപിസിസി പ്രസിഡന്റുകൂടിയായതിനാൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കോൺഗ്രസിലെ ഗ്രൂപ്പുകളി പരിഹരിക്കാനാണ്. ഇതര രാഷ്ട്രീയ പാർടികളെ നേരിടാൻ വടിവാളും ദണ്ഡും ഉപയോഗിച്ചിരുന്ന ബിജെപി, ഇപ്പോൾ ദേശീയ അന്വേഷണ ഏജൻജികളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇഡിയോടൊപ്പം വിഡിയും ചേർന്ന് എത്രതന്നെ ശ്രമിച്ചാലും സിപിഐ എമ്മിനെ തകർക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇഡിയെ ഉപയോഗിച്ച് പല കോൺഗ്രസ് നേതാക്കളെയും ബിജെപിയിലെത്തിക്കാനായിട്ടുണ്ട്. എന്നാൽ, ഭീകര മർദനമേറ്റ് ചോരവീണപ്പോഴും ഇൻക്വിലാബ് വിളിച്ചവരുടെ പാർടിയാണ് സിപിഐ എം. അതിനാൽ, തലപോകുന്ന ഘട്ടംവന്നാൽപോലും ചെങ്കൊടിക്ക് കീഴിൽ അണിനിരന്നവർ പിൻമാറില്ലെന്നും റിയാസ് പറഞ്ഞു. ബിജെപിയുടെ ദേശീയ നേതാവിനെപോലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കക്കോടി ഏരിയാ സെക്രട്ടറി പി കെ ഇ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം മെഹബൂബ്, മുൻ മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, സി പി മുസാഫർ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശേരി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി കെ സോമനാഥൻ, ഇ ശശീന്ദ്രൻ, എൻ രമേശൻ, എൽഡിഎഫ് എലത്തൂർ മണ്ഡലത്തിൽനിന്നെത്തിയ നേതാക്കൾ, വർഗ ബഹുജന സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി സി പി ബിജു സ്വാഗതം പറഞ്ഞു. മടവൂർ മുട്ടാഞ്ചേരിയിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനംചെയ്‌തു.








0 comments