Deshabhimani

 ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ണടയ്ക്കുന്നു

വിഷാംശമുള്ള മത്സ്യം കേരളത്തിലേക്കൊഴുക്കുന്നു

a
avatar
മനാഫ് താഴത്ത്

Published on Oct 05, 2026, 12:57 AM | 2 min read

ഫറോക്ക്​

ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ നിത്യവും കേരളത്തിലേക്ക്‌ എത്തുന്നത്‌ മാരക വിഷാംശമുള്ള ടൺ കണക്കിന് മത്സ്യം. കാൻസർ ഉൾപ്പെടെയെുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഫോർമാലിൻ, അമോണിയ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം കേരളത്തിലെ പ്രധാന മാർക്കറ്റുകൾ കൈയടക്കുമ്പോഴും നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. കേരളത്തിലെ വിപണിയിലെത്തുന്ന മത്സ്യത്തിന്റെ 55 ശതമാനത്തിലേറെയും ഇതരസംസ്ഥാനങ്ങളിൽനിന്നാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. കർണാടകയിൽനിന്നുമാത്രം ദിവസവും നൂറോളം കൂറ്റൻ ഇൻസുലേറ്റഡ് ലോറികൾ മത്സ്യവുമായി കേരളത്തിലെത്തുന്നുണ്ട്‌. ഇവയിലേറെയും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മത്സ്യമിറക്കുന്നത്. കൂടാതെ ഗോവ, ആന്ധ്ര, ഗുജറാത്ത്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നും മത്സ്യം വരുന്നുണ്ട്. ​മികച്ച ശീതീകരണ സംവിധാനമുള്ള ഇൻസുലേറ്റഡ് ലോറികളിൽ എത്തിക്കുന്ന മത്സ്യം ആഴ്ചകൾ കഴിഞ്ഞാലും തിളങ്ങി നിൽക്കാനാണ് അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കൾ ചേർക്കുന്നത്. ഇത്തരം രാസവസ്‌തുക്കൾ കാൻസർ, വൃക്കരോഗം എന്നിവയ്‌ക്ക്‌ കാരണമാകുന്നു. ​ കേരളത്തിൽ ട്രോളിങ് നിരോധശേഷം പുറമെനിന്നുള്ള മത്സ്യം വരവ് ഗണ്യമായി ഉയർന്നിട്ടുംസംസ്ഥാന അതിർത്തികളിലും അതത് ജില്ലകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം ഒരുപരിശോധനയും നടത്തുന്നില്ല. നേരത്തെ, ചെക്ക് പോസ്റ്റുകളിലുൾപ്പെടെ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയിരുന്ന പരിശോധനകളിൽ വിഷാംശം കലർന്ന ടൺ കണക്കിന്‌ മത്സ്യം പിടികൂടിയിരുന്നു. സംസ്ഥാനത്തെ ഭരണമാറ്റത്തിനുശേഷം അനധികൃത മത്സ്യക്കടത്ത് ലോബി കേരളത്തിലെ മത്സ്യമേഖല കൈയടക്കുകയാണ്.


പഴയതും പുതിയതും തിരിച്ചറിയാനാവുന്നില്ല

ഫറോക്ക് ​

കരിമ്പുപോലുള്ള കറുത്ത ആകോലി, ചോരയൊഴുകുന്ന അമൂർ, തിളങ്ങുന്ന കിളിമീനും മത്തിയും അയലയും. മലബാറിലെ മാർക്കറ്റുകളിലെത്തുന്ന മത്സ്യങ്ങളിൽ പുതിയതും പഴയതും ഏതെന്ന്‌ തിരിച്ചറിയാൻ മത്സ്യത്തൊഴിലാളിക്ക് പോലും കഴിയില്ല. ​കൊടുംവിഷം കലർത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാതാകുമ്പോൾ വലിയ മാർക്കറ്റുകളും ഹാർബറുകളും വഴി നഗരങ്ങളിലും ഗ്രാമങ്ങളിലും മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്ന വിഷമത്സ്യമാണ്‌ എത്തുന്നത്‌. ​ മലബാറിൽ അഴീക്കൽ, പുതിയാപ്പ, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങളിലും ചാലിയം, ചോമ്പാൽ, പരപ്പനങ്ങാടി, താനൂർ ഉൾപ്പെടെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലും ഇറക്കുമതി മത്സ്യങ്ങൾ ദിവസവും വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. മാംസം ഏറെയുള്ള അമൂർ, സൂത (ചൂര,- ട്യൂണ), ചെമ്മീൻ, വലിയ മാന്തൾ എന്നിവയും ഒഡിഷയിൽ നിന്നുള്ള നെത്തോലി വരെ ഇറക്കുമതി ചെയ്യുന്നു. പ്രാദേശികമായി പിടിക്കുന്ന ഗുണനിലവാരമുള്ള മത്സ്യത്തേക്കാൾ, വിലക്കുറവാണ്‌ പുറമെ നിന്നെത്തുന്നതിന്‌. ലാഭത്തിനായി വൻകിട കച്ചവടക്കാർ ഹാർബറുകളെ മറയാക്കി പഴകിയ വിഷമത്സ്യം വിറ്റഴിക്കാൻ കൂട്ടുനിൽക്കുമ്പോൾ അധികൃതർക്ക് അനക്കമില്ല.

​ ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home