പരീക്ഷണകൃഷിയുമായി സഫിയ
വിളയിച്ചു ടൺ കണക്കിന് തണ്ണിമത്തൻ

സഫിയ തണ്ണിമത്തനുമായി
പി ചന്ദ്രബാബു
Published on Apr 24, 2026, 12:51 AM | 1 min read
മുക്കം
പരീക്ഷണകൃഷിയിൽ ടൺ കണക്കിന് മധുരമൂറുന്ന തണ്ണിമത്തൻ വിളവെടുത്തതിന്റെ ആഹ്ലാദത്തിലാണ് ചേന്നമംഗല്ലൂർ പുൽപ്പറമ്പിലെ എടോളി പാലി സഫിയ. വീടിന് മുമ്പിലെ രണ്ടര ഏക്കർ തരിശുഭൂമി പാട്ടത്തിനെടുത്താണ് 60കാരിയായ സഫിയ കിരൺ വിഭാഗത്തിൽപ്പെടുന്ന തണ്ണിമത്തൻ കൃഷിയിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് വിത്തിറക്കിയത്. രണ്ടുമാസത്തിനകം തണ്ണിമത്തൻ പൂർണവളർച്ചയെത്തി. കൃഷിഭവനിൽനിന്നുള്ള സഹായം കൂടെ ആയപ്പോൾ തണ്ണിമത്തൻ കൃഷി ഉഷാറായി. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈടെക് രീതിയിലാണ് കൃഷിയിറക്കിയത്. കർഷകനും അയൽപ്രദേശത്തുകാരനുമായ പത്മനാഭൻ കൃഷിപ്പണികളിൽ സഹായിച്ചു. പശുവളർത്തലും കോഴിവളർത്തലും പച്ചക്കറി കൃഷിയുമായി മികച്ചൊരു കർഷക കൂടിയാണ് സഫിയ. വിളവെടുപ്പുത്സവം മുക്കം നഗരസഭ ചെയർപേഴ്സൺ കെ പി ചാന്ദ്നിയും മുക്കം കൃഷി ഓഫീസർ ഷബീർ അഹമ്മദും ചേർന്ന് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ജസീല അസീസ്, വി ബനൂജ, ശരീഫ് വെണ്ണക്കോട്, ലീലാ പുൽപറമ്പിൽ, പി റഹ്മത്ത്, നസീം, ഷഫീക്ക് മാടായി എന്നിവരും പത്മനാഭൻ, ബഷീർ അമ്പലത്തിൽ എന്നിവരും സംസാരിച്ചു.










0 comments