അറിവിനെ ചൂഷണോപാധിയാക്കാൻ മൂലധനശക്തികളുടെ ശ്രമം:- സി രവീന്ദ്രനാഥ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് അറിവിനെ കുത്തകയാക്കാനും ചൂഷണോപാധിയാക്കാനും മൂലധനശക്തികൾ ശ്രമിക്കുന്നെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയെ തകർക്കുമ്പോൾ അരാഷ്ട്രീയത വളരുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ അറിവിനെ ഉപയോഗിക്കണം. വികസനം എന്നത് പണത്തിന്റെ ഉൽപ്പാദനമാണെന്നാണ് മൂലധനശക്തികൾ പഠിപ്പിക്കുന്നത്. പണംകൊണ്ട് മാത്രം അളക്കുന്ന വികസനത്തിൽ മാനവികതയ്ക്കും പരിസ്ഥിതിയ്ക്കും സ്ഥാനമുണ്ടാകില്ല. മുതലാളിത്തത്തിന്റെ സുസ്ഥിര വികസനമാണ് മൂലധനശക്തികൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രൻ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ ഡോ. കെ രമേഷ് സ്വാഗതവും ജില്ലാ സെക്രട്ടറി പി ബിജു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ഇ ടി സുജാത അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി പി ബിജു പ്രവർത്തന റിപ്പോർട്ടും സി സത്യനാഥൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന അവലോകന റിപ്പോർട്ട് പി കെ സതീശും സംഘടനാരേഖ വി മനോജ് കുമാറും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ് യമുന, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ ചെറുകുളത്തൂർ, വിജേഷ് എന്നിവർ സംസാരിച്ചു. വി കെ ചന്ദ്രൻ, ഇ ടി സുജാത, എ പി പ്രേമാനന്ദ്, ടി കെ രേഷ്മ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. 300 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.










0 comments