നമ്പർ പ്ലേറ്റില്ലാ ‘നമ്പറു’മായി ബൈക്കുകൾ

നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത ബൈക്കിൽ നഗരത്തിൽ സഞ്ചരിക്കുന്നയാൾ
കോഴിക്കോട് നമ്പർ പ്ലേറ്റ് മറച്ചും ഉൗരിവച്ചും റോഡിൽ ബൈക്കുകളുടെ പാച്ചിൽ. പലതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നവരാണ് ഇത്തരത്തിൽ എത്തുന്നതെന്നാണ് പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നിഗമനം. ഹെൽമെറ്റ് വയ്‌ക്കാതെയും മൂന്നാളുകളെ കയറ്റിയുമുള്ള യാത്രക്കാരാണ് പ്രധാനമായും ബൈക്കുകളുടെ നമ്പർ പ്ലേറ്റ് മറച്ച് യാത്രചെയ്യുന്നവരിൽ ഭൂരിഭാഗവും. എഐ കാമറകളെ വെട്ടിക്കാനായി കൈകൊണ്ടും ബാഗും തുണിയും ഉപയോഗിച്ചും മറച്ചുവയ്‌ക്കുന്നതാണ് ഇവരുടെ രീതി. നമ്പർ പ്ലേറ്റ് മാസ്‌ക് ചെയ്തും അക്കങ്ങൾ ചുരണ്ടിയും പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് തട്ടിപ്പ് നടത്തുന്നവരാണ് മറ്റൊരു വിഭാഗം. നമ്പർ പ്ലേറ്റുകൾ ഉൗരിവച്ച് യാത്രചെയ്യുന്നവരുടെ എണ്ണത്തിലും വർധനവുള്ളതായി പൊലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും പറയുന്നു. എംഡിഎംഎയടക്കമുള്ള ലഹരിക്കടത്ത് കേസുകളിലെ പ്രതികളോ ക്രിമിനൽ സംഘങ്ങൾക്ക് ‘പൈലറ്റ്’ പോകുന്നവരോ ആണ് ഇൗ ഗണത്തിൽ കൂടുതലുള്ളത്. വാഹന നമ്പർ കണ്ടെത്താനാകാത്തതിനാൽ ഇവരെ പിന്നീടും പിടികൂടാൻ പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പാർക്ക് ചെയ്യുമ്പോഴും മറ്റുമാണ് ഇവർ പിടിയിലാകുന്നത്. നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടിയാൽ 3000 രൂപവരെ പിഴയീടാക്കാനുള്ള വകുപ്പുകൾ നിയമത്തിലുണ്ട്. പിൻഭാഗത്തെ നമ്പർ പ്ലേറ്റ് ഉൗരിവച്ച് പോകുന്ന ബൈക്കുകൾ എഐ കാമറകളെയും വിദഗ്ധമായി പറ്റിക്കുകയാണ്. മുകളിലേക്ക് പൊക്കിവയ്‌ക്കാൻ കഴിയുന്ന തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച ന്യൂജൻ ബൈക്കുകളുമായി നിരത്തിലെത്തുന്നവരുമുണ്ട്. ഇത്തരക്കാരെ കർശനമായി നിയന്ത്രിക്കാൻ ഇടപെടലുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.










0 comments