വാഴക്കൂമ്പ് അച്ചാര്‍ വൻ പൊളി...!

ദേശീയ സരസ് മേളയിൽ വാഴയിൽനിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളുമായി പുഷ്പ
കോഴിക്കോട് പോഷകങ്ങളുടെ കലവറയാണ് വാഴയെങ്കിലും സരസ് മേളയിലെ സുഫല സ്റ്റാളിലെ വാഴവിഭവങ്ങൾ ഒന്നൊന്നര വെറൈറ്റിയായി. വാഴക്കൂമ്പ് അച്ചാർ, വാഴക്കൂമ്പ് അവലോസ് പൊടി, ഉണ്ണിക്കാമ്പ് അച്ചാർ, ഉണ്ണിക്കാമ്പ് സ്ക്വാഷ്, വാഴക്കൂമ്പ് കട്-ലെറ്റ്, വാഴക്കൂമ്പ് ചമ്മന്തിപ്പൊടി തുടങ്ങിയവ വാങ്ങാൻ തിരക്കാണ്. ഉള്ളിയേരി പഞ്ചായത്തിലെ മൂന്ന് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചേർന്ന് നടത്തുന്ന സുഫല യൂണിറ്റാണ് വാഴകൊണ്ടുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കിയത്. സുനിത, പുഷ്പ എന്നീ സംരംഭകരാണ് സ്റ്റാളിൽ വിഭവങ്ങൾ പരിചയപ്പെടുത്താനുള്ളത്. ആത്മ പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ നേതൃത്വത്തിൽ 2023ൽ നൽകിയ ട്രെയിനിങ്ങിലാണ് ഉള്ളിയേരിയിലെ പത്തോളം സ്ത്രീകൾ വാഴ ഉൽപ്പന്നങ്ങളുണ്ടാക്കാൻ പരിശീലനം നേടിയത്. അതേവർഷം തന്നെ സംഘത്തിന്റെ നേതൃത്വത്തിൽ ‘സുഫല' യൂണിറ്റ് ആരംഭിക്കുകയായിരുന്നു. ഉള്ളിയേരിയിൽ കൃഷിഭവന്റെ നേതൃത്വത്തിലുള്ള സ്റ്റാളിലും വിൽപ്പന നടത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ കർഷകരിൽനിന്നാണ് വാഴക്കന്നുകളും കാമ്പും ശേഖരിച്ചിരുന്നത്. പിന്നീട് കൃഷിഭവന്റെ സഹായത്തോടെ ഓരോരുത്തർക്കും അമ്പതോളം വാഴക്കന്നുകൾ ലഭിക്കുകയും ഇവ സ്വന്തം ഭൂമിയിൽ കൃഷിചെയ്യുകയുമായിരുന്നു.










0 comments