ad
Deshabhimani

മയക്കുമരുന്ന് കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിൽ

മുഹമ്മദ്‌ നജി

മുഹമ്മദ്‌ നജി

വെബ് ഡെസ്ക്

Published on Jul 28, 2026, 12:48 AM | 1 min read


കോഴിക്കോട്

മയക്കുമരുന്ന് കേസില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച യുവാവ് ഹൈദരാബാദ്‌ വിമാനത്താവളത്തിൽ പിടിയിൽ. തിരുവണ്ണൂർ കോട്ടൺ മിൽ കോഴിപ്പുറം പറന്പ്‌ നാസ്‌ വീട്ടിൽ മുഹമ്മദ്‌ നജി (27)യെ കസബ പൊലീസാണ്‌ പിടികൂടിയത്‌. വിദേശത്തുനിന്ന്‌ വരുന്നതിനിടെയായിരുന്നു അറസ്റ്റ്‌.

മുതലക്കുളത്തുനിന്ന് എംഡിഎംഎയുമായി ഷക്കീല്‍ ഹര്‍ഷാദ്‌ എന്ന യുവാവിനെ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. വിദേശത്തുള്ള മുഹമ്മദ് നജി മുഖേനയാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്ന്‌ ഇയാൾ മൊഴി നൽകി. തുടര്‍ന്ന് മുഹമ്മദ് നജിക്കെതിരെ കസബ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ടെന്ന്‌ മനസ്സിലാക്കിയ പ്രതി നാട്ടില്‍വരാതെ വിദേശത്ത് തുടരുന്നതിനിടെ നാല് വര്‍ഷങ്ങള്‍ക്കുശേഷം ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ കഴിഞ്ഞദിവസം വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്.

ഇയാൾക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ മയക്കുമരുന്ന്‌ കേസുകൾ നിലവിലുണ്ട്. ഈ കേസിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യം ലഭിച്ചശേഷം കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക്‌ കടക്കുകയായിരുന്നു. ഈ കേസിലെ ഒന്നാംപ്രതി ഷക്കീല്‍ ഹര്‍ഷാദിനെ കോടതി 50 വർഷം തടവിനും 5 ലക്ഷം രൂപ പിഴയടയ്‌ക്കാനും വിധിച്ചിരുന്നു. കസബ എസ്‌ഐ നിമിന്‍ കെ ദിവാകരന്‍, എസ്‌സിപിഒ രെജു, സിപിഒ വിപിന്‍ രാജ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home