ചിരി വാടാത്ത സ്നേഹവീട്

പേരാമ്പ്ര സായംപ്രഭ ഹോമിൽ രാവിലത്തെ യോഗ പരിശീലനം
പേരാമ്പ്ര
‘ഇവിടെ എത്തിയാൽ നേരംപോകുന്നതറിയില്ല, ഒറ്റപ്പെടലിന്റെ ആകുലതകളില്ല’–എൺപത്തിയെട്ടുകാരി പൊൻപറേമ്മൽ കല്യാണിയമ്മയുടെ വാക്കുകളിൽ നിറഞ്ഞ സന്തോഷം. ആധികളും വ്യാധികളും വേർതിരിവുകളും മറന്ന് ഉല്ലസിക്കാൻ വയോജനങ്ങൾക്ക് ഒരാശ്രയകേന്ദ്രമുണ്ട് പേരാമ്പ്രയിൽ. എളമാരൻകുളങ്ങര ക്ഷേത്രപരിസരത്ത് പഴങ്കാവിൽ പ്രവർത്തിക്കുന്ന ‘ശാദ്വലം സായംപ്രഭ ഹോം’ പേരാമ്പ്ര പഞ്ചായത്തിന്റെ സ്വപ്നപദ്ധതികളിലൊന്നാണിത്. ദേശീയ അധ്യാപക അവാർഡ് ജേതാവും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കമീഷണറുമായ ബാലചന്ദ്രൻ പാറച്ചോട്ടിലിന്റെ വീട്ടിൽ പതിനൊന്ന് മാസംമുമ്പ് ടി പി രാമകൃഷ്ണൻ എംഎൽഎയാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. നാല് പുരുഷന്മാരടക്കം 29പേർ ഇതിനകം രജിസ്റ്റർ ചെയ്തു. 17 പേർ നിത്യവും എത്തുന്നു. രാവിലെ പ്രാർഥനയോടെയാണ് തുടക്കം. വൈകിട്ട് നാലുവരെയാണ് പ്രവർത്തനം.
പത്തിന് പ്രഭാതഭക്ഷണം. ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് വിളന്പുക. തുടർന്ന് പത്രവായനയും പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ചർച്ചയുമുണ്ടാകും. വീട്ടിലുള്ള ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളെടുത്ത് വായിക്കുകയുമാവാം.
പകൽ ഒന്നിന് ഉച്ചഭക്ഷണം. വിശ്രമം കഴിഞ്ഞാൽ പിന്നെ പാട്ടും കഥപറച്ചിലും കവിതാലാപനവും കലാപരിപാടികളുമായി ‘ഫുൾടൈം എൻഗേജ്ഡാണ്’. നാലിന് ദേശീയഗാനം ആലപിക്കും. തുടർന്ന് ബന്ധുക്കൾക്കൊപ്പം സ്വന്തം വീടുകളിലേക്ക് മടക്കം. എല്ലാ ദിവസവും രാവിലെ ഡോ. അഞ്ജനയുടെ നേതൃത്വത്തിൽ യോഗ പരിശീലനമുണ്ട്. ആഴ്ചയിൽ ഒരു ദിവസം അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ പരിശോധനയും മരുന്നുവിതരണവും. അബിഷയാണ് കെയർഗിവർ.
ഔഷധസസ്യങ്ങളും ചെടികളും ഇടതൂർന്നുവളരുന്നതാണ് വീടിന്റെ അന്തരീക്ഷം. ബാലചന്ദ്രൻ പാറച്ചോട്ടിൽ സൗജന്യമായാണ് വീട് സായംപ്രഭ ഹോമിനായി പഞ്ചായത്തിന് നൽകിയത്. തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള ലക്ഷ്മി നാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ആവശ്യമുള്ള സൗകര്യവുമൊരുക്കി. ഭക്ഷണ വിതരണം, വൈദ്യുതി, മാലിന്യനിർമാർജനം എന്നിവ പഞ്ചായത്താണ് വഹിക്കുന്നത്.








0 comments