എന്തൊരു മഴ; നാടാകെ വെള്ളത്തിൽ

താമരശേരി കട്ടിപ്പാറ കുണ്ടത്തിൽ വെള്ളക്കെട്ടില്‍ കുടുങ്ങിയ സ്വകാര്യ ബസ്
കോഴിക്കോട്
വെള്ളി വൈകിട്ട് മുതൽ പെയ്‌ത മഴയിൽ ജില്ലയിൽ വ്യാപകനാശം. താഴ്‌ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലായി. വിവിധ റോഡുകളിൽ വെള്ളംകയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ വീടുകൾക്ക് മുകളിൽ മരംവീണു. കനത്ത മഴയിൽ ചാലിപ്പുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി. ചാലിയം തീരത്ത് വലിയ മത്സ്യബന്ധന ബോട്ട് കാറ്റിൽ മറിഞ്ഞു. തൊഴിലാളികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കോടഞ്ചേരി വേഞ്ചേരിയിൽ ഇരുതുള്ളി പുഴ കരകവിഞ്ഞ് തീരത്തെ വീടുകളിൽ വെള്ളം കയറി. ആളുകളെ അടുത്ത വീടുകളിലേക്കും പിന്നീട് എംഇഎസ് സ്കൂളിലെ ക്യാമ്പിലേക്കും മാറ്റി. പുതുപ്പാടി മട്ടിക്കുന്നിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. മുൻകരുതലിന്റെ ഭാഗമായി തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങളോട് ബന്ധുവീട്ടിലേക്ക് മാറിത്താമസിക്കാൻ നിർദേശം നൽകി. കോഴിക്കോട് സ്റ്റേഡിയം ജങ്‌ഷൻ, ജാഫർഖാൻ നഗർ ഭാഗങ്ങളിൽ വെള്ളം കയറി. ബേപ്പൂരിൽ വീടുകളിൽ വെള്ളം കയറി. വിലങ്ങാട് മഞ്ഞച്ചിളിയിൽ നിന്ന് മൂന്ന് കുടുംബങ്ങളിലായി 15 ഓളം പേർ ബന്ധുവീടുകളിലേക്ക് താമസം മാറി. ചുരം ഒന്പതാം വളവിന് മുകളിലായി മണ്ണിടിച്ചിലിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ചുരം ഗ്രീൻ ബ്രിഗേഡ് അംഗങ്ങൾ മരം മുറിച്ചുമാറ്റി. തൊട്ടിൽപ്പാലം, കടന്തറ പുഴകളിൽ മഴവെള്ളപ്പാച്ചിൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
ഉരുൾപൊട്ടലും വെള്ളക്കെട്ടും
കോടഞ്ചേരി ഈരൂട് ഭാഗത്ത് ഉരുൾപൊട്ടൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം നേരിട്ടു. നാല് ഏക്കറോളം ഒലിച്ചുപോയി. ഇൗങ്ങാപ്പുഴ ദേശീയപാതയിലും അങ്ങാടിയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ കൂടത്തായി-–കോടഞ്ചേരി വഴി തിരിച്ചുവിട്ടു. ഇരുവശങ്ങളിലേയും കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. താമരശേരി ചുരത്തിൽ ശനിയാഴ്‌ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ഈങ്ങാപ്പുഴ ശാന്തിനഗർ ഭാഗത്ത് 40ഓളം വീട്ടിലും പയോണ ഭാഗത്തും വെള്ളം കയറി. കൂടരഞ്ഞി പൂവാറൻതോട് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കെഎസ്‌ഇബി നിക്ഷേപിച്ച മണ്ണും പാറകളും മഴയിൽ പ്രദേശത്തെ വീടുകൾക്ക് ഭീഷണിയായി. കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി. ശനി ഉച്ചയോടെ പൂനൂർ– - കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ ആണ് സ്വകാര്യ ബസ് യാത്രക്കിടെ വെള്ളത്തിൽ കുടുങ്ങിയത്. .
ഇന്ന് ഓറഞ്ച് അലർട്ട്
കോഴിക്കോട് ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതപഠന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ നിര്‍ദേശിച്ചു.









0 comments