5 കൂൺ ഗ്രാമങ്ങൾകൂടി ഉടൻ
കൂൺ നിറയും കോഴിക്കോട്ട്

അനഘ പ്രകാശ്
Published on Sep 19, 2025, 01:12 AM | 1 min read
കോഴിക്കോട്
കൂൺ ഗ്രാമങ്ങളിലൂടെ കാര്‍ഷിക മേഖലയിൽ കുതിക്കാൻ ജില്ല. സംസ്ഥാന ഹോര്‍ട്ടി കൾച്ചര്‍ മിഷൻ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതി അഞ്ച് മണ്ഡലങ്ങളിൽ കൂടി ഉടൻ വരും. കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കൊടുവള്ളി, പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിൽ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള അന്തിമചര്‍ച്ചകൾ നടന്നു. ഓരോ മണ്ഡലത്തിനും 30.25 ലക്ഷം രൂപ വീതം ഒന്നര കോടിയിലധികം രൂപ ഇതിനായി അനുവദിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടമാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. സ്വന്തമായി സ്ഥലമില്ലാത്തവർക്ക് വീടിനുള്ളിലെ പരിമിതമായ സ്ഥലത്തും കൂൺകൃഷി ചെയ്യാം. കൃഷിഭവൻ വഴിയാണ് കര്‍ഷകര്‍ക്ക് സേവനങ്ങൾ ലഭ്യമാക്കുക. ആദ്യഘട്ടത്തിൽ കാക്കൂര്‍, തൂണേരി ബ്ലോക്കുകളിലാണ് കൂൺ ഗ്രാമം നടപ്പാക്കിയത്. ഇവിടങ്ങളിൽ കൃഷി പുരോഗമിക്കുകയാണ്. കാക്കൂരിൽ എട്ട് കൃഷിഭവനുകൾക്ക് കീഴിലും തൂണേരിയിൽ 12 കൃഷിഭവനുകൾക്ക് കീഴിലുമാണ് കൂൺ കൃഷി. കര്‍ഷക കുടുംബങ്ങൾക്ക് ഉപജീവനമാകുന്നതിനൊപ്പം യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും പോഷകാഹാര അപര്യാപ്തത പരിഹരിക്കാനും കൂൺ ഗ്രാമങ്ങൾ സഹായിക്കും. 100 ചെറുകിട കൂൺ ഉൽപ്പാദന യൂണിറ്റുകൾക്ക് പുറമെ രണ്ട് വൻകിട ഉൽപ്പാദന യൂണിറ്റ്, ഒരു വിത്തുൽപ്പാദന യൂണിറ്റ്, മൂന്ന് സംസ്കരണ യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, 10 കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവയും ചേര്‍ന്നതാണ് സമഗ്ര കൂൺ ഗ്രാമം. കര്‍ഷകര്‍ക്ക് പരിശീലനം നൽകിയശേഷമാണ് കൃഷിക്കാവശ്യമായവ ലഭ്യമാക്കുന്നത്.










0 comments