മൊഞ്ചേറെയാണ് ഈ റാങ്കിന്

റന നസ്‌റിൻ
വടകര
കഠിനപ്രയത്നം ജീവിതചര്യയാക്കിയതിന്റെ തെളിവാണ് റന നസ്‌റിന്റെ കീം പരീക്ഷയിലെ ബി ഫാം റാങ്ക് തിളക്കം. അഞ്ചാം റാങ്ക് നേടിയാണ് ഇൗ മിടുക്കി നാടിന് അഭിമാനമായത്. കഴിഞ്ഞ തവണ നേരിയ മാർക്ക് വ്യത്യാസത്തിലാണ് മികച്ച റാങ്ക് നഷ്‌ടമായത്. സ്വപ്‌നം സഫലമായില്ലെങ്കിലും പരിശ്രമം അവസാനിപ്പിച്ചില്ല. മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും റാങ്ക് ലഭിക്കുമെന്ന് റന കരുതിയിരുന്നില്ല. വില്യാപ്പള്ളി എംജെയിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് റനയുടെ ഉപ്പയുടെയും ഉമ്മയുടെയും മനസ്സിൽ മകളെ ഒരു ഡോക്ടറാക്കണമെന്ന മോഹമുദിച്ചത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതോടെ എൻട്രൻസ് പരീക്ഷയ്‌ക്കുള്ള പരിശീലനവും പ്ലസ് ടു പഠനവും ഒരുമിച്ച് ഒരിടത്താക്കാൻ തീരുമാനിച്ചു. മലപ്പുറത്തായിരുന്നു തുടർപഠനം. ഒരു വർഷം റിപ്പീറ്റ് ചെയ്ത് പരീക്ഷ എഴുതി. കീമിനൊപ്പം നീറ്റും എഴുതിയിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസം വില്യാപ്പള്ളി എംഇഎസിലും അപ്പർ പ്രൈമറി ഖത്തറിലെ വിദ്യാലയത്തിലുമാണ് പൂർത്തിയാക്കിയത്. നീറ്റിൽ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും എംബിബിഎസിന് ചേരാനാണ് ആഗ്രഹമെന്നും റന നസ്‌റിൻ പറഞ്ഞു. വില്യാപ്പള്ളി അമരാവതിയിലെ മൊട്ടംതറേമ്മൻ റിയാസിന്റെയും താഹിറയുടെയും മകളാണ് റന നസ്‌റിൻ. റിഫ നസ്‌റിൻ, ഫാദിൽ, ഫഹസിൻ എന്നിവർ സഹോദരങ്ങളാണ്.










0 comments