ad
Deshabhimani

ഇന്ന് വനിതാ ദിനം

ജസീലയുടെ കണ്ണിൽ വിജയ വെളിച്ചം

ജസീല ജന്നത്ത്

ജസീല ജന്നത്ത്

വെബ് ഡെസ്ക്

Published on Mar 08, 2026, 12:23 AM | 1 min read


കോഴിക്കോട്

കാഴ്ചയുടെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് വടകര സ്വദേശിനി പി ജസീല ജന്നത്ത്. സിവിൽ സർവീസിൽ 397-ാം റാങ്കോടെയാണ്‌ സ്വപ്നനേട്ടം സ്വന്തമാക്കിയത്. സിവിൽ സർവീസ് ലക്ഷ്യത്തിൽ മൂന്നുതവണയാണ് പരീക്ഷ എഴുതിയത്. ജസീലയുടെ ഐച്ഛിക വിഷയം സോഷ്യോളജി ആയിരുന്നു. തന്നെപ്പോലുള്ളവർക്കായി പ്രവർത്തിക്കുക എന്ന ലക്ഷ്യവുമായാണ് സിവിൽ സർവീസ് സ്വപ്നത്തിലേക്കടുത്തത്‌.

2025 മാർച്ചിൽ ആരംഭിച്ച സൈലത്തിന്റെ സിവിൽ സർവീസ് ബാച്ചിലായിരുന്നു ജസീല ചേർന്നത്. സിലബസ് പഠിച്ചെടുക്കുന്നതിനായി ഓഡിയോ അധിഷ്ഠിത പഠന രീതികൾ, വോയിസ് -ടു- ടെക്‌സ്റ്റ്‌ ടൂളുകൾ, സഹപാഠികളുമായി ചേർന്നുള്ള ചർച്ചകൾ എന്നിവ പ്രയോജനപ്പെടുത്തി.

ജസീറ മൻസിലിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകളാണ്‌. ജന്മനാ 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള വ്യക്തി എന്ന നിലയിൽ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടക്കാൻ ജസീലയ്‌ക്കായി.

വില്യാപ്പള്ളി സ്കൂളിൽനിന്ന്‌ മികച്ച വിജയത്തോടെയാണ് പത്താം ക്ലാസും ഹയർ സെക്കൻഡറിയും പൂർത്തിയാക്കിയത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽനിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽനിന്ന്‌ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ മിമിക്രി, വഞ്ചിപ്പാട്ട്, നാടൻപാട്ട്, മലയാളം പദ്യപാരായണം എന്നിവയിൽ എ ഗ്രേഡ് നേടിയ ജസീല, പൊതുവേദികളിലെ മികച്ച പ്രാസംഗിക കൂടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home