കടലോളം 2.0
സ്നേഹതീരത്ത്, തിരമാല തൊട്ട്... മനസ്സു നിറഞ്ഞ്

കടലോളം 2.0' പരിപാടിയുടെ ഭാഗമായി കിടപ്പുരോഗികളെ കോഴിക്കോട് കടപ്പുറത്ത് എത്തിച്ചപ്പോള് തിരകള്ക്കിടയില് വീല്ചെയറിലിരുന്ന് സന്തോഷം പങ്കുവയ്ക്കുന്ന രാജനും അഷ്റഫും. ഇരുവരും മരത്തില്നിന്ന് വീണ് വര്ഷങ്ങളായി അരക്കു കീഴെ തളര്ന്നുപോയരാണ്

സ്വന്തം ലേഖകൻ
Published on Oct 12, 2026, 02:59 AM | 1 min read
കോഴിക്കോട്
എട്ടുവർഷമായി രോഗശയ്യയിൽ. നാലുചുവരുകൾക്കപ്പുറത്തേക്ക് ജീവിതം നീണ്ടിട്ട് കാലങ്ങളായി. കടലിന്റെ നീലിമയും തിരമാലകളുടെ താളവും ഓർമകളിൽ മാത്രം ബാക്കിയായ അമ്പത്തെട്ടുകാരി ആയിഷയ്ക്ക് മുന്നിൽ വീണ്ടും കടൽ വിസ്മയം തീർത്തപ്പോൾ മനസ്സിൽ അലയടിച്ചത് കടലോളം സന്തോഷം. നാലു ചുവരുകൾക്കുള്ളിലെ ഏകാന്തതയിൽനിന്നും രോഗശയ്യയുടെ നോവുകളിൽനിന്നും താൽക്കാലിക മോചിതരായി ആയിഷയെപ്പോലെ 150 പേരാണ് ബീച്ചിലെത്തിയത്. നരിക്കുനി അത്താണിയിലെ താമസക്കാരായ 76 പേരും തെറാപ്പിക്കും മറ്റ് ചികിത്സകൾക്കുമായി അത്താണിയുമായി ബന്ധപ്പെടുന്ന 74 പേരും. തിരമാലകളെ തഴുകിയും തലോടിയും നഷ്ടപ്പെട്ടുപോയ കാലത്തെ ഓർത്തെടുത്തും ആഹ്ലാദ നിറവിലായിരുന്നു എല്ലാവരും. മിക്ക ആളുകളും കുറേ കാലങ്ങളായി കടൽ കാണാനോ, മുറിയിൽനിന്ന് പുറത്തിറങ്ങാനോ കഴിയാതെ പോയവരാണ്. ഒറ്റപ്പെട്ടുപോയ അനേകരുടെ ജീവിതങ്ങളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകാശം ചൊരിയുന്ന അത്താണിയുടെ 20–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ച "കടലോളം 2.0' എന്ന പേരിൽ ബീച്ച് സന്ദർശനം നടത്തിയത്. നൂറോളം ആംബുലൻസുകളിലായാണ് എല്ലാവരെയും ബീച്ചിലെത്തിച്ചത്. ശാരീരിക പരിമിതികളെ അതിജീവിച്ച്, തിരമാലകളുടെ സംഗീതം ആസ്വദിക്കാനും അൽപ്പസമയം മനസ്സ് തുറന്ന് സംസാരിക്കാനുമായതിനൊപ്പം അന്തേവാസികൾ ബീച്ചിൽ ഒപ്പനയും മറ്റ് കലാ പരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. വീൽചെയറിലിരുന്നായിരുന്നു ഒപ്പന അവതരിപ്പിച്ചത്. കടൽക്കാറ്റേറ്റ് ശിങ്കാരിമേളത്തിന് താളം പിടിച്ചാണ് എല്ലാവരും മടങ്ങിയത്. മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സുലൈമാൻ കാരാടൻ അധ്യക്ഷനായി. അത്താണി ജനറൽ സെക്രട്ടറി വി പി അബ്ദുൽ ഖാദർ, വി ഹുസൈൻ, നൗഷാദ് നരിക്കുനി തുടങ്ങിയവർ സംസാരിച്ചു.









0 comments