നിറം ചാലിച്ച് രവിയോർമകളിൽ


സ്വന്തം ലേഖകൻ
Published on Jul 21, 2026, 01:05 AM | 1 min read
കോഴിക്കോട്
പ്രകൃതിയുടെ വിവിധ ഭാവങ്ങളും മനുഷ്യ ജീവിതത്തിന്റെ പല മുഖങ്ങളും പകർത്തി ചിന്ത രവിക്ക് പ്രണാമമർപ്പിച്ച് കലാകാരന്മാർ. ചിന്ത രവിയുടെ 15ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് എഴുപത്തിയഞ്ചോളം കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം ‘എക്കോസ് ഓഫ് ആൻ അൺഫിനിഷ്‌ഡ് ഡ്രീം’ ഒരുക്കിയത്. ചിത്രകലയെ ഗൗരവമായി കാണുകയും എഴുതുകയും ആ പാഠങ്ങൾ മറ്റുള്ളവർക്കായി പകർന്ന് നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു ചിന്ത രവിയെന്നും അദ്ദേഹത്തിനുള്ള ഏറ്റവും മികച്ച പ്രണാമമാണ് ഇൗ പ്രദർശനമെന്നും ക്യുറേറ്ററായ സുനിൽ അശോകപുരം പറഞ്ഞു. മനുഷ്യനും പ്രകൃതിയുമാണ് കാൻവാസുകളിൽ നിറയുന്നത്. കെ പ്രഭാകരനടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. അക്രലിക്, ജലച്ചായം, എണ്ണച്ചായം തുടങ്ങി വിവിധ മാധ്യമങ്ങളിലാണ് ചിത്രങ്ങളുള്ളത്. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കാണാൻ നിരവധിയാളുകൾ എത്തുന്നു. 25ന് സമാപിക്കും. ശിൽപ്പി വത്സൻ കൂർമ കൊല്ലേരി ഉദ്‌ഘാടനംചെയ്തു. സുനിൽ അശോകപുരം അധ്യക്ഷനായി. എം പി ശശി, പി എസ് ജലജ, പി ആർ ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments