മലയോരം പുഴ ഉത്സവത്തിലേക്ക്
പരിശീലനത്തിന് വിദേശ കയാക്കർമാർ എത്തിത്തുടങ്ങി

ഇറ്റലിയിൽനിന്നെത്തിയ ജിയോവാനി ജോർജി ഇരുവഴിഞ്ഞിപ്പുഴയിൽ പരിശീലനത്തിൽ
പി ചന്ദ്രബാബു
Published on Jun 20, 2026, 12:52 AM | 1 min read
മുക്കം
പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് പരിശീലനം ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും തുടങ്ങി. പരിശീലനത്തിന് വിദേശ കയാക്കർമാർ എത്തിത്തുടങ്ങി. ഇറ്റലിയിലെ ക്യാവരി സ്വദേശി ജിയോവാനി ജോർജി വെള്ളിയാഴ്ച കോടഞ്ചേരിയിൽ എത്തി ഇരുവഴിഞ്ഞിപ്പുഴയിൽ പരിശീലനം ആരംഭിച്ചു. തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ, ബെനീറ്റോ ചാക്കോ, നിസ്തൂൽ ജോസ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. സോഫ്റ്റ് വെയർ ഡെവലപ്പറായ 42 കാരനായ ജിയോവാനി കഴിഞ്ഞ വർഷവും മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ പുഴകളിലെ വെള്ളത്തിന്റെ തണുപ്പുകുറവ് ദീർഘനേരത്തെ കയാക്കിങ്ങിന് സഹായകരമാണെന്ന് ജിയോവാനി പറഞ്ഞു.
റിവർ ഫെസ്‌റ്റിവൽ പ്രീ ഇവന്റുകൾക്ക് ഇന്ന് തുടക്കം
മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ അനുബന്ധ മത്സരങ്ങൾക്ക് (പ്രീ ഇവന്റ്‌സ്) ശനിയാഴ്‌ച കോടഞ്ചേരിയിൽ ‘ഓഫ് റോഡ് ഫൺ ഡ്രൈവോടെ തുടക്കമാവും. കോടഞ്ചേരി പഞ്ചായത്തും കാലിക്കറ്റ് ജീപ്പേഴ്സും ഈരൂട് തുഷാരഗിരി അഡ്വഞ്ചർ പാർക്കും ചേർന്ന് ഈരൂടാണ് ഓഫ് റോഡ് ഫൺ ഡ്രൈവ് നടത്തുന്നത്.
40 വാഹനങ്ങൾ ഡ്രൈവിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് സി കെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് വരെയാണ് പരിപാടി.
ജൂലൈ 30, 31, ആഗസ്‌ത് ഒന്ന്, രണ്ട് തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മലബാർ റിവർ ഫെസ്റ്റിവൽ നടക്കുക. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്നാണ് റിവർ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്.










0 comments