പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കരുത്
കെഎസ്ടിഎ പ്രതിഷേധിച്ചു

കെഎസ്ടിഎ ധർണ കോഴിക്കോട് മോഡൽ സ്കൂൾ പരിസരത്ത് സംസ്ഥാന പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നടപടിക്കെതിരെ കെഎസ്ടിഎ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നടന്ന ജില്ലാതല പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് അധ്യാപകർ പ്രതിഷേധത്തിൽ പങ്കെടുത്തു. സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് പകരം ദിവസവേതനക്കാരെ നിയമിക്കുക, ധവള പത്രത്തിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക, അധ്യാപകരുടെ പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കുക, മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റം റദ്ദാക്കുക, ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി പി മനോജ്, കെ എൻ സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി ടി ഷാജി നന്ദിയും പറഞ്ഞു.










0 comments