ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ഉദ്‌ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ മുക്കം മുക്കത്തിന്റെ നഗരവീഥിയെ ശുഭ്രസാഗരമാക്കി യുവതയുടെ അത്യുജ്വല റാലിയോടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് മുക്കത്ത് ഉജ്വല തുടക്കം. അഗസ്ത്യൻമുഴി തൊണ്ടിമ്മൽ റോഡിൽനിന്നാരംഭിച്ച് ജില്ലാ–സംസ്ഥാന നേതാക്കൾ നയിച്ച യുവജനറാലിയിൽ നക്ഷത്രാങ്കിത ശുഭ്രപതാകയേന്തി ആയിരങ്ങൾ അണിചേർന്നു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി മുക്കം നഗരത്തിൽനിന്ന് ജാഥയുടെ ഭാഗമായി. ബാൻഡ് മേളവും തെയ്യമടക്കം കലാരൂപങ്ങളും പ്രകടനത്തിന് മിഴിവേകി. എസ്എഫ്ഐ, കർഷകസംഘം, കെഎസ്‌കെടിയു, മഹിളാ അസോസിയേഷൻ, സിഐടിയു, പികെഎസ്, കെഎസ്ടിഎ പ്രവർത്തകർ വഴിനീളെ പ്രകടനത്തിന് അഭിവാദ്യം അർപ്പിച്ചു. ഒരു കിലോമീറ്റർ പിന്നിട്ട് ജാഥ മുക്കം കെ കെ സ്മാരക മന്ദിരപരിസരത്തെ പൊതുസമ്മേളന നഗരിയിൽ സമാപിച്ചു. തുടർന്ന് ടി പി ദാസൻ നഗറിൽ നടന്ന പൊതുസമ്മേളനം എ എ റഹീം എംപി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ അരുൺ അധ്യക്ഷനായി. കേന്ദ്ര എക്സിക്യുട്ടീവ് അംഗം ജെയ്ക്ക് സി തോമസ്, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി സി ഷൈജു, കെ എം സച്ചിൻദേവ്, ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം നിനു, കെ ഷെഫീഖ് ,സ്വാഗതസംഘം ചെയർമാൻ ടി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ദിപു പ്രേംനാഥ് സ്വാഗതവും തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി എ പി ജാഫർ ഷരീഫ് നന്ദിയും പറഞ്ഞു.











0 comments