ഫാസ്ടാഗിൽ പണമില്ല; വൺവേ തെറ്റിച്ചോടി കെഎസ്ആർടിസി

ദേശീയപാത 66ൽ അപകടകരമായ രീതിയിൽ സ്പീഡ് ട്രാക്കിലൂടെ എതിർദിശയിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്
പന്തീരാങ്കാവ് ദേശീയപാത 66ല്‍ വൺവേ തെറ്റിച്ച് അപകടകരമായി സർവീസ് നടത്തി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്. കഴിഞ്ഞ നാലിന് രാമനാട്ടുകര വെങ്ങളം റീച്ചിലാണ് സംഭവം. മൂന്ന് കിലോമീറ്ററോളമാണ് ബസ് തെറ്റായ ദിശയില്‍ ഓടിയത്. ദേശീയപാതയില്‍ അശ്രദ്ധമായും ഗതാഗതക്കുരുക്കുണ്ടാക്കിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ യാത്ര. ഫാസ്ടാഗിൽ പണമില്ലെന്ന് കണ്ടതോടെയാണ് കോഴിക്കോട് ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്കുപോകുകയായിരുന്ന കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിയത്. ഒളവണ്ണ ടോള്‍ പ്ലാസയില്‍നിന്നാണ് ബസ് തിരിച്ചുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റി പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറി. റോഡിന് മധ്യത്തിലായുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്ററോളം അപകടകരമായ രീതിയിൽ തിരികെ യാത്ര നടത്തിയത്. മറ്റ് വാഹനയാത്രികര്‍ പ്രതികരിച്ചതോടെ പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറി, തുടര്‍ന്ന് പാലാഴി കഴിഞ്ഞ് കോഴിക്കോടന്‍ കിച്ചണ്‍സിന് സമീപമുള്ള എക്‌സിറ്റില്‍വച്ചാണ് സര്‍വീസ് റോഡിലേക്ക് കടന്നത്. ഇതിനുശേഷം യാത്ര തുടര്‍ന്നു. നിയമലംഘനം പിടികൂടാൻ സിറ്റി പൊലീസ് കോഴിക്കോട് ദേശീയപാത 66ൽ നിയമലംഘനങ്ങള്‍ പിടികൂടാന്‍ കോഴിക്കോട് സിറ്റി പൊലീസ് നടപടി ആരംഭിച്ചു. കാമറാദൃശ്യങ്ങള്‍ കൈമാറാന്‍ ദേശീയപാത അതോറിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ വിവരങ്ങളും കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയപാത ആറുവരിയിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറണം. കൂടാതെ, ദേശീയപാതയില്‍ നിർത്തിയിടുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറകളിൽനിന്ന് കൈമാറാനും നിർദേശമുണ്ട്.










0 comments