നാടകത്തെ ചേർത്തുപിടിച്ച സർക്കാരിന് നന്ദി
നാട്ടകങ്ങളിൽ ഇനി നാടകക്കാലം

കുട്ടികളുടെ നാടകം
ബൈജു വയലിൽ
Published on Jan 31, 2026, 12:15 AM | 1 min read
വേങ്ങേരി
കുട്ടികളുടെ സ്ഥിരം നാടകവേദി എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സർക്കാർ. വരതൂർ സ്‌കൂളിൽ കുട്ടികളുടെ നാടക തിയറ്റർ നിർമിക്കാൻ ബജറ്റിൽ രണ്ടര കോടി രൂപ പ്രഖ്യാപിച്ചാണ് സർക്കാർ പിന്തുണ നൽകുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ശുപാർശയെ തുടർന്നാണിത്. നാടകത്തെ ചേർത്തു നിർത്തിയ സർക്കാരിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഭൗതികസാഹചര്യങ്ങളൊരുക്കൽ മാത്രമല്ല വികസനമെന്ന് തിരിച്ചറിയുന്ന, കലയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന് നാടക പ്രവർത്തകരുടെ പിന്തുണയുണ്ടാവുമെന്ന് വരതൂർ ഗവ. എൽപി സ്‌കൂൾ പ്രധാനാധ്യാപകനും കുട്ടികളുടെ നാടകങ്ങളുടെ സംവിധായകനുമായ ഷിബു മൂത്താട്ട്. ഈ നാടിന്റെയാകെ നാടക പൈതൃകത്തിന് ഇത് ഗുണകരമാവുമെന്ന് നാടകസംവിധായകനും സ്‌കൂളിന്റെ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയർമാനുമായ പ്രമോദ് ദശരഥ് പറയുന്നു. എല്ലാ നാടകപ്രവർത്തകർക്കും ഉപയോഗിക്കാൻ കഴിയുന്ന നിലയിലാവും തിയറ്റർ തയ്യാറാവുക. വരതൂർ ഗവ. എൽപി സ്‌കൂളിൽ നിലവിൽ കുട്ടികളുടെ തിയറ്റർ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളിന്റെ വാർഷികാഘോഷ പരിപാടികളിലും ക്ലാസ് റൂം പ്രവർത്തന ഭാഗമായും നാടകം അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം കുട്ടികൾക്കായി രണ്ടുദിവസത്തെ നാടക ശിൽപ്പശാലയും സംഘടിപ്പിച്ചു. പ്രിസം പദ്ധതിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം ശതാബ്ദി നിറവിലാണ്. ശതാബ്‌ദി കമ്മിറ്റിയാണ് നാടക തിയറ്റർ എന്ന ആശയം സർക്കാരിന് മുന്നിലെത്തിച്ചത്. നാടകം കളിക്കുക മാത്രമല്ല ഓട്ടിസം ബാധിച്ച സഹപാഠിക്ക് ഒരു വീട് നിർമാണവും കുട്ടികൾ ഏറ്റെടുത്ത് നടപ്പാക്കി. വായന ദിനത്തിൽ കുട്ടികൾ ഒരു കൊച്ചു സിനിമയും നിർമിച്ചിരുന്നു. കലയിലൂടെയുള്ള പഠനത്തിന് പ്രാധാന്യം നൽകുന്ന വിദ്യാലയമാണിത്. സർക്കാർ അംഗീകാരമുള്ള പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. ഇത് യുപിയായി അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments