ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം
നാട് ഭരിക്കുന്നത് മനുഷ്യത്വരഹിത ചിന്തകളുള്ളവര്‍: എം സ്വരാജ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് മനുഷ്യത്വരഹിത ചിന്തകൾ വച്ചുപുലര്‍ത്തുന്നവരാണ് നാട് ഭരിക്കുന്നതെന്നും വരുംനാളുകൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ 13ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസ് ഒരുവര്‍ഷം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ലെന്നും പണമെല്ലാം ശമ്പളവും പെൻഷനും നൽകാൻ ഉപയോഗിക്കുന്നത് പാഴ്-ച്ചെലവാണെന്നും ചിന്തിക്കുന്നവരാണ് അധികാരത്തിലുള്ളത്. വായനശാലകൾ എന്നന്നേക്കുമായി പൂട്ടിയാലും പ്രശ്നമില്ലെന്ന് അവര്‍ ചിന്തിക്കുമെന്നതിൽ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു. മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് പി ബിജു അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ, അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് ഉപഹാരങ്ങൾ നൽകി. വിരമിച്ച അംഗങ്ങൾക്ക് കൗൺസിൽ സെക്രട്ടറി വി കെ മധു ഉപഹാരങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാര്‍, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ, പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എൻ സരിത, ലൈബ്രറി കൗൺസിൽ പെൻഷനേഴ്സ് യൂണിയൻ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണി, കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജോയിന്റ് സെക്രട്ടറി കെ വിനോദ് കുമാര്‍, അസോസിയേഷൻ സെക്രട്ടറിയറ്റ് അംഗം വി സിനി എന്നിവര്‍ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രസാദ് കൂടാളി സ്വാഗതവും സംഘാടകസമിതി കൺവീനര്‍ കെ ഷാജു നന്ദിയും പറഞ്ഞു. എസ് ആർ ലാൽ പ്രസിഡന്റ്, പ്രസാദ് കൂടാളി ജനറൽ സെക്രട്ടറി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി എസ് ആർ ലാലിനെയും ജനറൽ സെക്രട്ടറിയായി പ്രസാദ് കൂടാളിയെയും തെരഞ്ഞെടുത്തു. വി എസ് രഞ്ജിത, എ പ്രദീപ് കുമാർ (വൈസ് പ്രസിഡന്റുമാര്‍), എസ് ലതിക, വി ടി രാജേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ ഷാജു (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.











0 comments