പൂവാറന്‍തോട്, ഓളിക്കല്‍ ജലവൈദ്യുതപദ്ധതികൾ പ്രവൃത്തി അന്തിമഘട്ടത്തിൽ

കൂടരഞ്ഞി പൂവാറന്‍തോട് ജല വൈദ്യുത പദ്ധതി പ്രദേശത്തുനിന്നുള്ള ദൃശ്യം
പി ചന്ദ്രബാബു
Published on Jan 01, 2026, 02:46 AM | 1 min read
മുക്കം
മലയോരത്ത് കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലായി സംസ്ഥാന വൈദ്യുതി വകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂർത്തിയാവുന്നു. ഓളിക്കല്‍, പൂവാറന്‍തോട് ജലവൈദ്യുത പദ്ധതികളാണ് വരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. ഇരുപദ്ധതികളുടേയും പവര്‍ ഹൗസ്, പെന്‍സ്റ്റോക്ക് പ്രവൃത്തികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊഴികെ ബാക്കിയുള്ള പ്രവൃത്തികളെല്ലാം പൂര്‍ത്തിയായി. അഞ്ച് മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊയിലിങ്ങാപുഴയിലാണ് ഇരു പദ്ധതികളും യാഥാർഥ്യമാകുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ഓളിക്കല്‍ പദ്ധതി അഞ്ച് മെഗാ വാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുക.10.26 മില്യന്‍ യൂണിറ്റാണ് വാര്‍ഷിക ഉൽപ്പാദനം ലക്ഷ്യമിടുന്നത്. കൂടരഞ്ഞി പഞ്ചായത്തിലുള്ള പൂവാറന്‍തോട് പദ്ധതിയിൽനിന്ന് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിടുന്നു. 5.88 മില്യന്‍ യൂണിറ്റാണ് പ്രതീക്ഷിക്കുന്ന വാര്‍ഷിക ഉൽപ്പാദനം. 20.98 കോടി രൂപയാണ് ഓളിക്കല്‍ പദ്ധതിയുടെ സിവില്‍ ജോലികളുടെ നിര്‍മാണ ചെലവ്. പൂവാറന്‍തോട് പദ്ധതിയുടേത് 21.59 കോടി രൂപയും. പിജിസിസി പിഎല്‍- ആര്യ കോണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നത്. കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ആണ് ഇലക്‌ട്രോ മെക്കാനിക്കല്‍ ജോലികളുടെ കരാറുകാർ. 2023ല്‍ നിർമാണ പ്രവൃത്തി തുടങ്ങിയ പദ്ധതിയുടെ കരാര്‍ കാലാവധി മൂന്ന് വര്‍ഷമാണ്. മെയിൽ പ്രവൃത്തി പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
22 വര്‍ഷം മുമ്പ് പൊയിലിങ്ങാ പുഴയില്‍ ചൈനീസ് സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തനം തുടങ്ങിയ ഉറുമി ഒന്നും രണ്ടും ഘട്ട ചെറുകിട ജല വൈദ്യുതി പദ്ധതിയുടെ മുകളിലായാണ് പുതിയ രണ്ട് പദ്ധതികള്‍ കൂടി വരുന്നത്. ഇവിടെ ഒന്നാം ഘട്ടത്തില്‍ 3.75 മെഗാവാട്ടും രണ്ടാം ഘട്ടത്തില്‍ 2.4 മെഗാവാട്ടും വൈദ്യുതി നിലവില്‍ ഉൽപ്പാദിപ്പിക്കുന്നുണ്ട്. രണ്ട് പദ്ധതികൾ കൂടി പൂർത്തിയാവുന്നതോടെ 2026 ൽ 15 മെഗാവാട്ടോളം വൈദ്യുതി മലയോരത്തുനിന്ന് ഉൽപ്പാദിപ്പിക്കാനാവും.










0 comments