മാവൂർ വിജയന് ആദരം 29ന്
വിജയവേഷത്തിന് അമ്പതാണ്ട്

ടൗൺ ഹാളിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ ബഷീറിന്റെ വേഷത്തിൽ മാവൂർ വിജയൻ
ശ്രീനിവാസൻ ചെറുകുളത്തൂർ കുന്നമംഗലം "തൊഴിലാളികൾ ഞങ്ങൾ തൊഴിലാളികൾ ഈ യുഗം സൃഷ്ടിച്ച പടയാളികൾ പട്ടിണിയായാലും മുട്ടുമടക്കില്ല പണിയെടുക്കുന്നോരീ ഞങ്ങൾ’... പണിമുടക്കിനെ തുടർന്ന് മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി വ്യവസായ ഭീമൻ ബിർള അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിലായപ്പോൾ പ്രതിഷേധ സൂചകമായി മാവൂർ വിജയൻ ആദ്യമായി എഴുതി അവതരിപ്പിച്ച ‘ഇനിയും മരിച്ചിട്ടില്ലാത്ത ഞങ്ങൾ' എന്ന തെരുവ് നാടകത്തിലെ വരികളാണിത്. മാവൂർ വിജയന്റെ നാടകജീവിതത്തിന് അമ്പതാണ്ട് തികയുന്നു. നാടകരചയിതാവ്, അഭിനേതാവ്, സംവിധായകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ നാടറിഞ്ഞ മാവൂർ വിജയനെ 29ന് കോഴിക്കോട് ആദരിക്കുന്നു. 13-ാം വയസ്സിലാണ് കലാപ്രവർത്തനം തുടങ്ങിയത്. 3200 തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. ഏകപാത്ര നാടകങ്ങളിലൂടെ പകർന്നാടിയത് നൂറുകണക്കിന് കഥാപാത്രങ്ങൾ. ജനവിരുദ്ധ നയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ തെരുവ് നാടകത്തിലൂടെ പ്രതിരോധം തീർത്തു. രക്തസാക്ഷി സഫ്ദർ ഹാഷ്മിയോടൊപ്പം ദില്ലിയിൽ തെരുവുനാടകങ്ങൾ അവതരിപ്പിച്ചു 1981ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യ ശാസ്ത്ര കലാജാഥയിൽ അംഗമായി. ശാസ്ത്ര കലാജാഥ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതിയിൽ അവതരിപ്പിച്ചു. 41 വർഷമായി തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി തെരുവുനാടകങ്ങൾ അവതരിപ്പിക്കുന്നു. മൂന്ന് തവണ അഖില കേരള നാടകമത്സരങ്ങളിൽ മികച്ച നടനായി. കലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി, മോണോ ആക്ട് എന്നിവയിൽ ‘അഭിനയപ്രതിഭ' പുരസ്‌കാരം നേടി. അമേച്വർ നാടകരംഗത്തായിരുന്നു സജീവം. എം ടിയുടെ നിർമാല്യം ‘വെളിച്ചപ്പാട്' എന്ന പേരിൽ ഏകപാത്ര നാടകമായി അവതരിപ്പിച്ചു. സി കെ ജയചന്ദ്രൻ പുരസ്‌കാരം, നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള പി കെ റോസി അവാർഡ് തുടങ്ങിയവ നേടി. എം ടിയുടെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ, പി എൻ മേനോന്റെ തീരുമാനം തുടങ്ങിയ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. കേരള സംഗീത നാടക അക്കാദമി അംഗം, ജില്ലാ കേന്ദ്ര കലാസമിതി സെക്രട്ടറി, ബാങ്ക് മെൻസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂക്കോ ബാങ്കിൽനിന്ന് വിരമിച്ചു. ഭാര്യ: റിട്ട. പ്രധാന അധ്യാപിക പ്രസന്നവല്ലി. മക്കൾ: പ്രവീൺ നൗഷാദ്, നവീൻ റോഹിദ് (എൻജിനിയർമാർ). മേയർ ഉദ്‌ഘാടനംചെയ്യും കോഴിക്കോട് മാവൂർ വിജയനെ ആദരിക്കൽ ചടങ്ങ് വൈകിട്ട് 4.30ന് കൈരളി തിയറ്റർ വേദി ഓഡിറ്റോറിയത്തിൽ മേയർ ഒ സദാശിവൻ ഉദ്ഘാടനംചെയ്യും. പി ടി എ റഹീം എംഎൽഎ മുഖ്യാതിഥിയാകും. നാടകപ്രവർത്തകൻ ബാബു പറശ്ശേരി അധ്യക്ഷനാകും.










0 comments