ഇന്ദീവരത്തിലുണ്ട് ഇൗത്തപ്പഴമധുരം

പുതുപ്പണത്ത് ജയദേവന്റെ വീട്ടിൽ കായ്‌ച്ച ഈത്തപ്പഴം
സ്വന്തം ലേഖകൻ വടകര മരുഭൂമിയിൽ മാത്രം വിളയുന്ന ഈത്തപ്പഴം വടകരയുടെ മണ്ണിലും. വടകര ജനതാ റോഡിലെ ഇന്ദീവരത്തിൽ ജയദേവന്റെയും റീഷ്മയുടെയും വീട്ടുമുറ്റത്താണ് കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തി ഈത്തപ്പഴങ്ങൾ കുല കുലകളായി വിളഞ്ഞു നിൽക്കുന്നത്. അസാധ്യമെന്ന് കരുതിയതിനെ കഠിനാധ്വാനംകൊണ്ട് സാധ്യമാക്കിയിരിക്കുകയാണ് ഈ ദമ്പതികൾ. ഇന്ദീവരം വീട്ടുമുറ്റത്ത് കുലകളായി തൂങ്ങിനിൽക്കുന്ന ഈത്തപ്പഴങ്ങൾ കൗതുകവും ഒപ്പം ആശ്ചര്യവും ഉണ്ടാക്കുന്നതാണ്. 22 അടിയോളം ഉയരമുള്ള മരത്തിൽ സമൃദ്ധമായാണ് ഇത്തവണ വിളവെടുപ്പിന് പാകമായി പഴങ്ങൾ കായ്ച്ചു നിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വിദേശത്തായിരുന്നപ്പോൾ തോന്നിയ ആഗ്രഹമാണ് ഇപ്പോൾ പാകമായി നിൽക്കുന്നതെന്ന് ജയദേവൻ പറഞ്ഞു. രാജസ്ഥാനിൽ നിന്നാണ് തൈ എത്തിച്ചത്. തീവ്രമായ ചൂടും തണുപ്പും ആവശ്യമുള്ള സസ്യമായതുകൊണ്ടുതന്നെ കേരളത്തിലെ മാറുന്ന കാലാവസ്ഥയിൽ ഇതിനെ വളർത്തിയെടുക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ കൃത്യമായ പരിചരണവും നിശ്ചയദാർഢ്യവും കൈമുതലായപ്പോൾ വടകരയുടെ മണ്ണും ഈത്തപ്പഴത്തിന് വഴിമാറി. കുലകൾ പഴുത്ത് തുടങ്ങുന്നതോടെ വിളവെടുപ്പ് തുടങ്ങും. കൃഷിയിലുള്ള താൽപ്പര്യവും നിരന്തരമായ പരിശ്രമവും ഉണ്ടെങ്കിൽ അന്യദേശ വിളകളും നമ്മുടെ മണ്ണിൽ പൊന്നുവിളയിക്കാം എന്ന് ഈ ദമ്പതികൾ തെളിയിക്കുന്നു. പൂന്തോട്ട ഡിസൈനറും കർഷകനുമായ ദാസനാണ് മരം പരിപാലിച്ചത്. പള്ളിയത്ത്, നാദാപുരം എന്നിവിടങ്ങളിലെ ചില വീടുകളിൽ നട്ട മരങ്ങളും ഇത്തവണ കായ്‌ച്ചിരുന്നു.










0 comments