തദ്ദേശ തെരഞ്ഞെടുപ്പ്
വോട്ടെണ്ണലിന് ഒരുങ്ങി

കോട്ടയം നഗരസഭയിലെ വോട്ടുകൾ എണ്ണുന്ന ബേക്കർ സ്മാരക ഗേൾസ് സ്‌കൂളിലെ കൗണ്ടിങ് ഹാൾ സജ്ജമാക്കുന്നു
കോട്ടയം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്‌ച നടക്കും. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ രാവിലെ എട്ടിന് വോട്ടുകൾ എണ്ണിത്തുടങ്ങും. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ വോട്ടുകൾ കലക്ടറുടെ നേതൃത്വത്തിൽ എണ്ണും. ജില്ലാ പഞ്ചായത്ത് ഹാളിലാണ് ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്. കൗണ്ടിങ് ടേബിളിൽ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക. വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാർഥികളുടെയോ സ്ഥാനാർഥികൾ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക. ലീഡ് നിലയും ഫലവും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തത്സമയം അറിയാൻ കഴിയും. ആദ്യഫലം രാവിലെ 8.30 നും പൂർണമായ ഫലം ഉച്ചയോടുകൂടിയും ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഫലം പൊതുജനങ്ങളെ അറിയിക്കാൻ അനൗൺസ്മെന്റുണ്ടാകും. ആകെ 5,281 സ്ഥാനാർഥികളാണ്(ജില്ലാ പഞ്ചായത്ത്- 83, ബ്ലോക്ക് പഞ്ചായത്തുകൾ- 489, പഞ്ചായത്തുകൾ:- 4032, നഗരസഭകൾ: -677) ഇക്കുറി ജില്ലയിൽ ജനവിധി തേടിയത്.










0 comments