വോട്ടിടിഞ്ഞ് എൻഡിഎ

കോട്ടയം
എൻഡിഎ സ്ഥാനാർഥികൾക്ക് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിൽ വൻ ഇടിവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎയ്‌ക്ക് ലഭിച്ചത് 24,412 വോട്ടായിരുന്നു. ഇത് ഇത്തവണ നേർ പകുതിയോളം കുറഞ്ഞ് 12,975 ആയി. ബാക്കി വോട്ടുകൾ എങ്ങോട്ട് മറിഞ്ഞെന്ന ചോദ്യത്തിന് ബിജെപി നേതൃത്വം മറുപടി പറയേണ്ടിവരും. കോട്ടയം മണ്ഡലത്തിൽ ബിജെപിയെ ഞെട്ടിച്ച ഇടിവാണുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 24,214 വോട്ടുകൾ എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചിരുന്നു. ഇത് ഇത്തവണ 9,726 ആയി ഇടിഞ്ഞു. പുതുപ്പള്ളിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് 21,915 വോട്ടുകൾ കിട്ടിയിരുന്നു. ഇത് 11,544 ആയി കുറഞ്ഞു. വൈക്കത്ത് 27,515 ആയിരുന്നത് 20,297 ആയും കടുത്തുരുത്തിയിൽ 20,889 വോട്ടുണ്ടായിരുന്നത് 12,228 വോട്ടായും കുറഞ്ഞു. കേന്ദ്രമന്ത്രി മത്സരിച്ചിട്ടും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂവായിരം വോട്ട് കുറവാണ് എൻഡിഎയ്‌ക്ക് ലഭിച്ചത്.










0 comments