വൈക്കത്തഷ്ടമി:- ചടങ്ങുകൾക്ക് ഇന്ന് തുടക്കം

വൈക്കം വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കൽ ബുധനാഴ്ച ക്ഷേത്രകലവറയിൽ നടക്കും.രാവിലെ 8.45നും 10.45നും ഇടയിലാണ് കോപ്പുതൂക്കൽ. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്പായി നടത്തുന്ന ചടങ്ങാണ് കോപ്പുതൂക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി ദേവസ്വം കമീഷണർ അഷ്ടമിയുത്സവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നുതൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറെ ഏൽപ്പിക്കുന്നതാണ് ചടങ്ങ്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 20ന് കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 6.30നും 8.15നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്ററിയിപ്പ് നവംബർ 19നാണ്. ഡിസംബർ ഒന്നിന് വൈക്കത്തഷ്ടമി. രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. പുള്ളിസന്ധ്യവേല ഒക്ടോബർ 17, 19, 21, 23 തീയതികളിലാണ്. മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ 24ന് രാവിലെ എട്ടിനും 10നും ഇടയിൽ. മുഖസന്ധ്യവേല 25മുതൽ 28വരെ. നവംബർ 18ന് രാവിലെ 8.30നും 10.30നും ഇടയിലാണ് വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ. ഒന്നാം ഉത്സവദിനമായ നവംബർ 20 ന് കൊടിപ്പുറത്തു വിളക്കും അഞ്ച്, ആറ്, എട്ട്, പതിനൊന്ന് എന്നീ ദിവസങ്ങളിൽ ഉത്സവബലിയും ഏഴാം ഉത്സവദിനത്തിൽ പ്രഭാത ശ്രീബലിയും രാത്രി ഋഷഭ വാഹനമെഴുന്നള്ളിപ്പും നടക്കും. എട്ടാംദിനത്തിൽ വടക്കും ചേരിമേൽ എഴുന്നള്ളിപ്പും ഒൻപതാം ദിനത്തിൽ തെക്കുംചേരിമേൽ എഴുന്നള്ളിപ്പും നടക്കും. നവംബർ 29നാണ് വലിയ ശ്രീബലിയും വലിയ വിളക്കും. ഡിസംബർ ഒന്നിനാണ് അഷ്ടമി ദർശനം.









0 comments