കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിനുമുകളിലേക്ക് കൽക്കെട്ട് ഇടിഞ്ഞുവീണു

കടനാട് ക്ഷേത്രത്തിനു സമീപം വട്ടക്കാനായിൽ പങ്കജാക്ഷക്കുറുപ്പിന്റെ വീടിന് മുകളിലേക്ക് കൽക്കെട്ട് ഇടിഞ്ഞുവീണ നിലയിൽ
കടനാട്
വീടിനോട് ചേർന്നുനിന്ന കൂറ്റൻ മതിൽക്കെട്ട് തകർന്നു വീണു. കടനാട് ക്ഷേത്രത്തിന് സമീപം വട്ടക്കാനായിൽ പങ്കജാക്ഷക്കുറുപ്പിന്റെ വീടിനു പിന്നിലെ 20 അടിയിലേറെ ഉയരമുള്ള കൂറ്റൻ കൽക്കെട്ടാണ് ഇടിഞ്ഞുവീണത്. അപകടത്തിൽനിന്ന് കുടുംബംപ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വ പകൽ 1.15നാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് കൽകെട്ട് ഇടിഞ്ഞുവീണത്. പങ്കജാക്ഷക്കുറുപ്പും മകന്റെ ഭാര്യയും രണ്ടു കുട്ടികളും ഈ സമയം വീടിനുള്ളിലുണ്ടായിരുന്നു. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം ഉഷാ രാജുവാണ് അധികൃതരെ വിവരം അറിയിച്ചത്. വീട് അപകട നിലയിലായതിനാൽ കുടുംബാംഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. വീട്ടുപകരണങ്ങളും മാറ്റിയിട്ടുണ്ട്. മേലുകാവ് പൊലീസും സ്ഥലത്തെത്തി. കൽക്കെട്ട് അപകട ഭീഷണിയാണെന്ന് കാട്ടി വീട്ടുടമ അധികൃതർക്ക് 2016ൽ പരാതി നൽകിയിരുന്നു. അഞ്ചു തവണ അദാലത്തിൽ പരാതി പരിഗണിച്ചെങ്കിലും കൽക്കെട്ട് സ്ഥിതി ചെയ്യുന്ന പുരയിട ഉടമ ഹാജരാകാത്തതിനാൽ നടപടി ഉണ്ടായില്ല.










0 comments